ദ്രാവിഡ ഭാഷാ ട്രാൻസ്‌ലേറ്റേഴ്‌സ് അസോസിയേഷൻ ആറാം വർഷത്തിലേക്ക്

പലഭാഷകളിലെ പുസ്തകങ്ങൾ തേടിനടന്നു; ഒടുവിൽ വിവർത്തകരുടെ കൂട്ടായ്മയുണ്ടാക്കി
ബെംഗളൂരു : ഗവേഷക വിദ്യാർഥിനി എന്ന നിലയിൽ പല ഭാഷകളിലെ പുസ്തകങ്ങൾ വേണമായിരുന്നു അന്ന് സുഷമാ ശങ്കറിന്. ‘ദ്രാവിഡ ഭാഷാ ജ്ഞാനപീഠ പുരസ്‌കൃത കൃതികൾ-ഒരു പഠനം’എന്ന വിഷയത്തിലായിരുന്നു കുപ്പം ദ്രാവിഡ സർവകലാശാലയിൽ അവരുടെ ഡോക്ടറൽ ഗവേഷണം. കന്നഡ, മലയാളം, തമിഴ്, തെലുഗു ഭാഷകളിലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയ 19 കൃതികളെയാണ് പഠനവിധേയമാക്കിയത്. ഗവേഷണത്തിന് ആവശ്യമായ പുസ്തകങ്ങൾ എളുപ്പത്തിൽ ലഭ്യമായിരുന്നില്ല. കിട്ടാത്ത പുസ്തകങ്ങൾക്കായുള്ള തിരച്ചിലായിരുന്നു പിന്നെ. ലഭ്യമായ വിവർത്തനങ്ങളെമാത്രം ആശ്രയിച്ചാൽ തന്റെ പഠനം പരിമിതപ്പെടുമെന്ന് തിരിച്ചറിഞ്ഞ അവർ തമിഴും തെലുഗുവും വായിക്കാൻ പഠിച്ചു. ആവശ്യമായിടത്ത് കന്നഡയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. ഒടുവിൽ അവർ എത്തിച്ചേർന്നത് പി.എച്ച്.ഡി.ക്കൊപ്പം ദ്രാവിഡ ഭാഷകളിലെ വിവർത്തകരുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കുന്നതിലേക്കുമാണ്. ദ്രാവിഡ ഭാഷാ ട്രാൻസ്‌ലെറ്റേഴ്‌സ് അസോസിയേഷൻ (ഡി.ബി.ടി.എ.) 2021 സെപ്റ്റംബർ 19-ന് നിലവിൽ വന്നു. ഓൺലൈനായി ചേർന്ന ആദ്യ യോഗത്തിൽ 24 പേരാണ് പങ്കെടുത്തത്. ആ മുതിർന്ന സാഹിത്യപ്രവർത്തകർ ഡോ. സുഷമാ ശങ്കറിനെ പ്രസിഡന്റായി ചുമതലപ്പെടുത്തി.
ദ്രാവിഡ ഭാഷാ ട്രാൻസ്‌ലെറ്റേഴ്‌സ് അസോസിയേഷൻ അഞ്ചുവർഷം പിന്നിടുകയാണിപ്പോൾ. അഞ്ചാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26-ന് ബെംഗളൂരുവിലെ രവീന്ദ്രകലാക്ഷേത്രയിൽ നടക്കുമ്പോൾ 124 അംഗങ്ങളായി സംഘടന വളർന്നിരിക്കുയാണെന്ന കാര്യം അഭിമാനകരമാണെന്ന് സുഷമ ശങ്കർ പറഞ്ഞു.
തുടക്കം മുതൽ വിവർത്തനവുമായി യഥാർഥ ബന്ധമുള്ളവരെ കൂട്ടായ്മയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തിൽ ദ്രാവിഡ ഭാഷകളിൽനിന്നുള്ള കുറഞ്ഞത് ഒരു സാഹിത്യകൃതിെയങ്കിലും വിവർത്തനം ചെയ്തിട്ടുള്ളവരെയാണ് അംഗത്വത്തിനായി പരിഗണിച്ചത്. ഇന്ന് വിവിധ ഇന്ത്യൻ ഭാഷകളിൽനിന്ന് ദ്രാവിഡ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നവരെയും വിവർത്തനത്തിലൂടെ സാഹിത്യസംവാദവും സാംസ്‌കാരിക കൈമാറ്റവും സാധ്യമാക്കാൻ ആഗ്രഹിക്കുന്ന എഴുത്തുകാരെയും സാഹിത്യപ്രവർത്തകരെയും ബന്ധിപ്പിക്കുന്ന കൂട്ടായ്മയായി മാറി.
ഒ.എൻ.വി. കുറുപ്പിന്റെയും അക്കിത്തത്തിന്റെയും ഇടശ്ശേരിയുടെയും കുരീപ്പുഴ ശ്രീകുമാറിന്റെയും കവിതകൾ കന്നഡയിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച എഴുത്തുകാരിയാണ് സംഘടനയുടെ പ്രസിഡന്റായി തുടരുന്ന സുഷമാ ശങ്കർ. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരജേതാവ് നാ. ദാമോദരഷെട്ടിയാണ് ഉപദേശകൻ. കെ. പ്രഭാകരനാണ് സെക്രട്ടറി. വാർഷികാഘോഷത്തിൽ ഡി.ബി.ടി.എ.യുടെ ഈ വർഷത്തെ വിവർത്തക പുരസ്‌കാരം തെലുഗു വിവർത്തകൻ ബൊള്ളി രാമസ്വാമി രഘുപതിക്ക് സമ്മാനിക്കും. ദ്രാവിഡ ഭാഷാ സംവാദം നടക്കും. കന്നഡ വികസന അതോറിറ്റി അധ്യക്ഷൻ പുരുഷോത്തം ബിളിമലെ ഉദ്ഘാടനം ചെയ്യും.