ബെംഗളൂരു- മൈസൂരു പാതയിൽ കാറപകടം: മാനന്തവാടി സ്വദേശിനിക്ക് ദാരുണാന്ത്യം

ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കാറപകടത്തിൽ വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം. മാനന്തവാടി ചങ്ങാടക്കടവ് സ്വദേശി മുഹമ്മദ് ഉവൈസിന്റെ ഭാര്യ അഫ്രീന (21) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ ബിഡദിയിലായിരുന്നു അപകടം. അഫ്രീനയെക്കൂടാതെ മുഹമ്മദ് ഉവൈസ്, ഉവൈസിന്റെ മാതാവ് സാജിത, ഉവൈസിന്റെ സഹോദരി സഹല, സഹലയുടെ രണ്ടുവയസുള്ള മകൾ ഖദീജ എന്നിവരും കാറിലുണ്ടായിരുന്നു. ഇവരെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും കാര്യമായി പരിക്കില്ല. ഉവൈസിന്റെ സഹോദരന്റെ ഭാര്യയെ ബെംഗളൂരു വിമാനത്താവളത്തിൽനിന്നും ദമാമിലേക്ക് യാത്രയാക്കി മാനന്തവാടിയിലേക്ക് മടങ്ങുകയായിരുന്നു സംഘം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ സുരക്ഷാവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്നുമാസം മുൻപായിരുന്നു മുഹമ്മദ് ഉവൈസിന്റെയും അഫ്രീനയുടെയും വിവാഹം. ബെംഗളൂരുവിലെ ഓൾ ഇന്ത്യ കെ.എം.സി.സി. പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനെത്തി.

മാനന്തവാടി കുഞ്ഞോം മോന്തോൽ ഹാരിസിന്റെയും സഫീറയുടെയും മകളാണ് അഫ്രീന. സഹോദരങ്ങൾ: അഫ്രാദ്, അബ്‌സർ, ആയിഷ. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. തുടർന്ന് കുഞ്ഞോം ജുമാ മസ്‌ജിദ് കബർസ്ഥാനിൽ കബറടക്കും.