ആവേശമുണർത്തി കനറാ ബാങ്ക് മാരത്തൺ

ബെംഗളൂരു : ആരോഗ്യസംരക്ഷണ സന്ദേശവുമായി കനറാ ബാങ്ക് നടത്തിയ നാലാമത് മാരത്തണിൽ മികച്ച പങ്കാളിത്തം. 11,286 പേരാണ് മൂന്ന് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, 10 കിലോമീറ്റർ വിഭാഗങ്ങളിലായി നടത്തിയ ഓട്ടത്തിൽ മത്സരിച്ചത്. ചെറിയ കുട്ടികൾ മുതൽ വയോധികർവരെയുള്ള നഗരവാസികൾ മാരത്തണിൽ പങ്കെടുക്കാൻ എത്തി. കനറാ ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ ബ്രജേഷ് കുമാർ സിങ് ഫ്ളാഗ് ഓഫ് നിർവഹിച്ചു. ബാങ്കിങ് സേവനങ്ങൾ നൽകുകയെന്നത് മാത്രമല്ല കനറാ ബാങ്കിന്റെ ലക്ഷ്യമെന്നും ആരോഗ്യമുള്ള സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുമെന്നും അതിന്റെ ഭാഗമാണ് മാരത്തൺ സംഘടിപ്പിച്ചെതെന്നും അദ്ദേഹം പറഞ്ഞു.

അത്‌ലറ്റിക് താരം എം.ആർ. പൂവമ്മ മുഖ്യാതിഥിയായിരുന്നു. വനിത-പുരുഷ എന്നീ രണ്ട് വിഭാഗങ്ങളിലായി 10 കിലോ മീറ്റർ ഓട്ടത്തിൽ ഒന്നാമത് എത്തിയവർക്ക് രണ്ട് ലക്ഷം രൂപ സമ്മാനമായി നൽകി. രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപ വീതവും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും ലഭിച്ചു. അഞ്ച് കിലോമീറ്റർ ഓട്ടത്തിലെ ഒന്നാംസമ്മാനം ഒരുലക്ഷം രൂപയും രണ്ടാം സമ്മാനം 50,000 രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമായിരുന്നു.