സ്റ്റിങ് ഓപ്പറേഷൻ വിവാദം: സിദ്ധരാമയ്യക്കെതിരേ ‘ഹണി ട്രാപ്പ് വീഡിയോ’ പ്രചരിപ്പിച്ചതിന് രണ്ടുപേർ കസ്റ്റഡിയിൽ

വീഡിയോകൾ പ്രചരിപ്പിക്കുന്നതിൽ 42 മാധ്യമസ്ഥാപനങ്ങളെ വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്

ബെംഗളൂരു : കർണാടകത്തിലെ സ്റ്റിങ് ഓപ്പറേഷൻ വിവാദത്തിനിടെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട മോശം വീഡിയോകൾ പ്രചരിപ്പിച്ചതിന് രണ്ടുപേരെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുന്നു.

ഹണിട്രാപ്പ് വീഡിയോയെന്ന് ആരോപിക്കപ്പെടുന്ന, യുറ്റ്യൂബിലും ഒരു കന്നഡ ചാനലിലും സംപ്രേഷണം ചെയ്ത രണ്ട് വീഡിയോകളുടെ പേരിൽ സിറ്റി സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

സിദ്ധരാമയ്യയുടെ ഹർജിയിൽ ഈ വീഡിയോകൾ പ്രചരിപ്പിക്കുന്നതിൽ 42 മാധ്യമസ്ഥാപനങ്ങളെ വിലക്കിക്കൊണ്ട് ബെംഗളൂരു കോടതി ചൊവ്വാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരേ അദ്ദേഹം ബെംഗളൂരു സിറ്റി പോലീസിന് പരാതിയും നൽകിയിരുന്നു. പ്രചരിക്കുന്നത് വ്യാജവീഡിയോകളാണെന്നും തന്റെ സൽപ്പേരിനും രാഷ്ട്രീയ നിലപാടുകൾക്കും കളങ്കമുണ്ടാക്കാനുദ്ദേശിച്ചുള്ളതാണെന്നും സിദ്ധരാമയ്യ വിശദീകരിച്ചിരുന്നു.

വീഡിയോ പുറത്തുവന്നത് രാഷ്ട്രീയവൃത്തത്തിൽ വൻ ചർച്ചയായിരുന്നു. സിദ്ധരാമയ്യക്കെതിരേ നടന്നത് സ്റ്റിങ് ഓപ്പറേഷനാണെന്ന് പ്രതിപക്ഷനേതാവ് ആർ. അശോകയും കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ചൂണ്ടിക്കാട്ടിയിരുന്നു. സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യമുയർന്നിരുന്നു.