ദസറയ്ക്ക് നാളെ കൊടിയിറക്കം

ജംബു സവാരിയിൽ കന്നഡ സിനിമാതാരങ്ങളും
മൈസൂരു : മൈസൂരു ദസറ ബുധനാഴ്ച സമാപിക്കും. 11 ദിവസത്തെ ഉത്സവം വിദ്യാരംഭദിനത്തിലെ ജംബു സവാരിയോടെയാണ് സമാപിക്കുക. അഞ്ചു ലക്ഷത്തിലേറെപ്പേർ സവാരികാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
വൈകീട്ട് നാലരയ്ക്ക് മൈസൂരു കൊട്ടാരപരിസരത്ത് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സ്വർണരഥത്തിലെ ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാർച്ചന നടത്തുന്നതോടെ സവാരിക്ക് തുടക്കമാകും. കൊട്ടാരത്തിൽനിന്ന് ആരംഭിച്ച് അഞ്ചുകിലോമീറ്റർ അകലെയുള്ള ബന്നിമണ്ഡപിലാണ് ഘോഷയാത്ര സമാപിക്കുക. ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം അടങ്ങിയ 750 കിലോഗ്രാം തൂക്കമുള്ള സ്വർണരഥം വഹിക്കുക പ്രശാന്ത എന്ന ആനയാണ്.
ഈ വർഷം ഘോഷയാത്രയിൽ ആദ്യമായി കന്നഡ സിനിമാലോകത്തെ പ്രമുഖതാരങ്ങളും സാംസ്കാരിക പ്രതിഭകളും കായികതാരങ്ങളും പങ്കെടുക്കും. ഇവർ തുറന്ന ബസിൽ യാത്രയെ അനുഗമിക്കും.
സവാരിയിൽ കേരളത്തിൽനിന്നുള്ള നിശ്ചലദൃശ്യവും അണിനിരക്കുന്നുണ്ട്. വൈകീട്ട് ഏഴിന് ബന്നിമണ്ഡപത്തിൽ നടക്കുന്ന ടോർച്ച്ലൈറ്റ് പരേഡിൽ ഗവർണർ താവർ ചന്ദ് ഗെഹ്ലോത് പങ്കെടുക്കും. ദസറയുടെ ഭാഗമായി കൊട്ടാരമടക്കം നഗരത്തിന്റെ തെരുവീഥികൾ മുഴുവൻ അലങ്കാരലൈറ്റുകളാൽ രണ്ടാഴ്ചമുൻപേ പ്രകാശപൂരിതമാണ്. ചരിത്രത്തിൽ ആദ്യമായി ഇക്കുറി ദസറയുടെ ഭാഗമായി കമ്പള (പോത്തോട്ട മത്സരം) സംഘടിപ്പിച്ചിരുന്നു.
ദസറ റീൽസിന് സർക്കാർ അവാർഡ്
: മൈസൂരു ദസറസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്ന മികച്ച 100 റീലുകൾക്ക് അവാർഡ് നൽകുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. കാഷ് പ്രൈസാണ് നൽകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജംബു സവാരി ഘോഷയാത്ര, പ്രകാശപൂരിതമായ മൈസൂരു കൊട്ടാരം, സാംസ്കാരിക പരിപാടികൾ, ഡ്രോൺ ഷോ തുടങ്ങിയവയുടെ കാഴ്ചകൾ മനോഹരമായി ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന റീലുകൾക്കാണ് അവാർഡ്.
റീൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ദസറയുടെ ഔദ്യോഗിക അക്കൗണ്ടിൽ @mysoredasara_2026 എന്ന ഹാഷ്ടാഗിൽ ടാഗ് ചെയ്യുന്ന റീലുകളാണ് അവാർഡിന് പരിഗണിക്കുക.