ബാലവേലയിൽനിന്ന് 800 കുട്ടികൾക്ക് മോചനം

ബെംഗളൂരു : ബാലവേലയ്ക്കെതിരേ നടപടി ശക്തമാക്കി കർണാടകസർക്കാർ. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ബാലവേലയ്ക്ക് ഇരയായ 800 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഇതിൽ 503 പേരെ ബെംഗളൂരുവിൽനിന്നാണ് രക്ഷപ്പെടുത്തിയത്. മൈസൂരുവിൽനിന്ന് 13 കുട്ടികളെയും ഹുബ്ബള്ളിയിൽനിന്ന് പത്തു കുട്ടികളെയും മംഗളൂരുവിൽനിന്ന് മൂന്നു കുട്ടികളെയും കലബുറഗിയിൽനിന്ന് 22 കുട്ടികളെയും ബെംഗളൂരു റൂറൽ ജില്ലയിൽനിന്ന് ഒൻപതു കുട്ടികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. തൊഴിൽവകുപ്പുദ്യോഗസ്ഥരുടെ സഹകരണത്തോടെയായിരുന്നു പോലീസ് പരിശോധന.
മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ നിർദേശ പ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധന നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച യശ്വന്തപുരയിലെ എ.പി.എം.സി. മാർക്കറ്റിൽ മുഖ്യമന്ത്രി നടത്തിയ സന്ദർശനത്തിനിടെ കുട്ടികളെ ജോലിക്ക് നിയോഗിച്ചതായി കണ്ടെത്തിയിരുന്നു. മാർക്കറ്റിലെ ചില കടകളിൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾ ജോലി ചെയ്തിരുന്നു. ഇതിൽ ഉടൻ നടപടിയെടുക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 19 കുട്ടികളെ മോചിപ്പിച്ചു. കടയുടമകളുടെ പേരിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിനു തുടർച്ചയായി സംസ്ഥാനത്തെ 962 പോലീസ് സ്റ്റേഷൻ പരിധികളിൽ ഉൾപ്പെട്ട 16,951 ഇടങ്ങളിൽ പരിശോധന നടത്തി.
ബെംഗളൂരുവിൽ 18 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഗോഡൗണുകൾ, കച്ചവടകേന്ദ്രങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ബേക്കറികൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേസ്റ്റേഷനുകൾ, അപ്പാർട്ട്‌മെന്റുകൾ, നിർമാണസ്ഥലങ്ങൾ എന്നിങ്ങനെ 5,897 ഇടങ്ങളിലായിരുന്നു പരിശോധന. ചൈൽഡ് ആൻഡ് അഡോൾസെന്റ് ലേബർ(പ്രൊഹിബിഷൻ ആൻഡ് റെഗുലേഷൻ) ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.