രാഷ്ട്രീയത്തിൽ മോദിയുടെ കാൽനൂറ്റാണ്ട്: സേവാ സങ്കൽപ് അഭിയാന് നാളെ തുടക്കം

ബെംഗളൂരു : ഗുജറാത്ത് മുഖ്യമന്ത്രിയാതുതൊട്ട് രാഷ്ട്രീയരംഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കാൽ നൂറ്റാണ്ട് തികയ്ക്കുന്നതിനോടനുബന്ധിച്ച്് സേവാ സങ്കൽപ് അഭിയാൻ എന്ന പേരിൽ രാജ്യത്തൊട്ടാകെ ഒരുമാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ പ്രഖ്യാപിച്ച് ബി.ജെ.പി.

രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ, മോദി സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായുള്ള ആശയവിനിമയം, മോദി സർക്കാരിന്റെ നേട്ടങ്ങളെ ഉയർത്തിക്കാട്ടിയുള്ള പരിപാടികൾ തുടങ്ങിയവയാണ് നടത്തുക. നരേന്ദ്രമോദിയുടെ ജന്മദിനത്തിന്റെകൂടി ഭാഗമാണിതെന്ന് ബി.ജെ.പി. മുൻ ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി.നഡ്ഡ ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മോദിയുടെ ജന്മദിനമായ വ്യാഴാഴ്ച പരിപാടികൾക്ക് തുടക്കം കുറിക്കും. അന്ന് സേവാ ദിവസമായി പ്രവർത്തകർ ആചരിക്കും. ശുചീകരണ പ്രവർത്തനങ്ങളും രക്തദാന ക്യാമ്പുകളും മെഡിക്കൽ ക്യാമ്പുകളും നടത്തും. രാത്രി ഏഴിന് മോദിക്ക് ആശംസകൾ അറിയിച്ച് ദീപങ്ങൾ തെളിയിക്കുമെന്നും നഡ്ഡ പറഞ്ഞു. മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, കൗൺസിൽ പ്രതിപക്ഷനേതാവ് ചലവാദി നാരായണസ്വാമി തുടങ്ങിയവരും നഡ്ഡയോടൊപ്പമുണ്ടായിരുന്നു.

‘മോദി നെഹ്രുവിന്റെ റെക്കോഡ് മറികടന്നു’

തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലം ഭരിച്ചതിനുള്ള ജവാഹർലാൽ നെഹ്രുവിന്റെ റെക്കോഡ് നരേന്ദ്രമോദി മറികടന്നതായി കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി.നേതാവുമായ ജെ.പി. നഡ്ഡ പറഞ്ഞു.

കഴിഞ്ഞ ജൂൺ പത്തിന് മോദി ഏറ്റവുമധികംകാലം ഭരിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി.