നാല് എം.എൽ.സി. സീറ്റുകളിലും കോൺഗ്രസിന് തോൽവി

#സുനിൽ തിരുവമ്പാടി

ചോദ്യമുയരുന്നത് ഡി.കെ.യുടെ നേതൃത്വത്തിന് നേരേ

ബെംഗളൂരു: തിരഞ്ഞെടുപ്പു നടന്ന നാല് എം.എൽ.സി. സീറ്റുകളിലും കോൺഗ്രസിന് നേരിട്ട തോൽവി കർണാടകത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിന് നേർക്ക് ചോദ്യമുയർത്തുന്നതായി. നാലു മണ്ഡലങ്ങളിലും അപ്രതീക്ഷിത വിജയം സ്വന്തമാക്കിയ ബി.ജെ.പി.-ജെ.ഡി.എസ്.

സഖ്യത്തിന് നിയമസഭയിലേക്കുൾപ്പെടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ഒരുമിച്ച് നേരിടാനുള്ള ആത്മവിശ്വാസം നൽകുന്നതാണ്.

രണ്ട് ടീച്ചേഴ്‌സ് മണ്ഡലങ്ങളിലും രണ്ട് ഗ്രാജുവേറ്റ് മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പു നടന്നത്. സർക്കാരിന്റെ ജനപ്രിയ പദ്ധതികളുൾപ്പെടെ ഉയർത്തിക്കാട്ടിയാണ് നാലിടത്തും കോൺഗ്രസ് പ്രചാരണം നടത്തിയത്. ഡി.കെ. ശിവകുമാറും കെ.പി.സി.സി. അധ്യക്ഷൻ ബി.കെ. ഹരിപ്രസാദും പാർട്ടിയുടെ മന്ത്രിമാരുമുൾപ്പെടെ പ്രചാരണത്തിനിറങ്ങിയിരുന്നു. പക്ഷേ, പാർട്ടിയുടെ സിറ്റിങ് സീറ്റായ ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലം പോലും പിടിക്കാനായില്ല. ഡി.കെ. ശിവകുമാറിന്റെ ബദ്ധവൈരികളായ ജെ.ഡി.എസാണ് മണ്ഡലം പിടിച്ചെടുത്തതെന്നത് തിരിച്ചടിയുടെ ആഘാതം വർധിപ്പിക്കുന്നു.

മുതിർന്ന നേതാവും കൗൺസിലിലെ മുൻ ഉപാധ്യക്ഷനുമായ പുട്ടണ്ണയെയാണ് ജെ.ഡി.എസിലെ എ.പി.രംഗനാഥ് പരാജയപ്പെടുത്തിയത്. നേരത്തെ ജെ.ഡി.എസിലായിരുന്ന പുട്ടണ്ണ പാർട്ടി വിട്ട് 2023-ൽ കോൺഗ്രസിലെത്തിയതാണ്. ബാക്കി മൂന്നു മണ്ഡലങ്ങൾ ബി.ജെ.പി.യുടെ സിറ്റിങ് മണ്ഡലങ്ങളാണ്. ഇവ പിടിച്ചെടുക്കാൻ കോൺഗ്രസ് നടത്തിയ ശ്രമം പരാജയപ്പെട്ടു.

നോർത്ത്-ഈസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലത്തിൽ സിറ്റിങ് എം.എൽ.സി. യായ ശശിൽ ജി. നമോഷി കോൺഗ്രസിലെ ശരണപ്പ മത്തൂരിനെ പരാജയപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗി ഉൾപ്പെടെ വരുന്ന മണ്ഡലത്തിൽ ബി.ജെ.പി.യുടെ അഞ്ചാമത്തെ വിജയമാണിത്.

സൗത്ത്-ഈസ്റ്റ് ഗ്രാജുവേറ്റ്‌സ് മണ്ഡലത്തിൽ ബി.ജെ.പി.യുടെ കെ.എം. സുരേഷ് കോൺഗ്രസിലെ ശശി ഹുലികുണ്ടെമഠത്തിനെയും വെസ്റ്റ് ഗ്രാജുവേറ്റ്‌സ് മണ്ഡലത്തിൽ ബി.ജെ.പി.യുടെ സിറ്റിങ് എം.എൽ.സി. എസ്.വി.ശങ്കനൂർ കോൺഗ്രസിലെ മോഹൻ ലിംബികായിനെയുമാണ് പരാജയപ്പെടുത്തിയത്.

ഇതോടെ 75 അംഗ നിയമനിർമാണ കൗൺസിലിൽ കോൺഗ്രസിന്റെ അംഗസംഖ്യ 39-ൽനിന്ന് 38 ആയി കുറഞ്ഞു. ജെ.ഡി.എസിന്റേത് ആറിൽനിന്ന് ഏഴായി മാറി. ബി.ജെ.പി. ക്ക് 24 അംഗങ്ങളാണുള്ളത്. സർക്കാരിന് നാമനിർദേശം ചെയ്യാനുള്ള അഞ്ച് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇത് നികത്തിയാൽ കോൺഗ്രസിന് ഭൂരിപക്ഷം വർധിക്കും.