എസ്.ഐ.ആറിനെതിരേ സമരം കടുപ്പിച്ച് പ്രകാശ് രാജ്

നൂറു ബൂത്തുകളിൽ സാമൂഹിക ഓഡിറ്റിങ് നടത്തും

ബെംഗളൂരു : തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരേ (എസ്.ഐ.ആർ.) സമരം ശക്തമാക്കി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. പൊതുജനസംഘടനകളുമായി ചേർന്ന് കർണാടകത്തിലെ നൂറു പോളിങ് ബൂത്തുകളിലെത്തി എസ്.ഐ.ആറിന്റെ അടിത്തട്ടിലെ യാഥാർഥ്യം മനസ്സിലാക്കാനും വോട്ടുകൾ തള്ളിയതിന്റെ തെളിവുകൾ പുറത്തുകൊണ്ടുവരാനുമായി സാമൂഹിക ഓഡിറ്റിങ് നടത്തുമെന്ന് അദ്ദേഹം ബെംഗളൂരുവിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

വിവിധ സംഘടനകളുടെ ഭാരവാഹികളും പ്രകാശ് രാജിനൊപ്പമുണ്ടായിരുന്നു. ‘മത കാവലു സാക്ഷി സർവേ’ എന്ന പേരിൽ നടത്തുന്ന പരിശോധന സെപ്റ്റംബർ 20-ന് തുടങ്ങും. ബൂത്തുകൾ സന്ദർശിച്ച് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടവരെ കണ്ട് തെളിവുകൾ ശേഖരിക്കും. സെപ്റ്റംബർ 22 മുതൽ 30-വരെ സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തും. ഒക്ടോബർ 15-ന് ഡൽഹിയിലെ ജന്തർ മന്തറിൽ വോട്ട് നഷ്ടമായവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘പബ്ലിക് ഹിയറിങ്’ നടത്തുമെന്നും പ്രകാശ് രാജ് പറഞ്ഞു.

ശേഖരിച്ച വിവരങ്ങളും തെളിവുകളും പൊതുസമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കും. എസ്.ഐ.ആർ. പ്രക്രിയയിൽ വോട്ടർമാരുടെ അനുഭവങ്ങൾ പങ്കുവെക്കും.

കർണാടകത്തിൽ തിരഞ്ഞെടുപ്പു നടക്കാൻ രണ്ടുവർഷം ബാക്കിനിൽക്കേ, വോട്ടർപട്ടിക പരിഷ്‌കരണം ഒരുമാസംകൊണ്ട് ധൃതിപിടിച്ച് നടത്തുന്നതിൽ ഗൂഢാലോചനയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കർണാടകത്തിൽ എസ്.ഐ.ആർ. നടപടികൾ അവസാനഘട്ടത്തിലാണ്.

കരട് വോട്ടർപട്ടിക പ്രകാരം ഒരുകോടിയിലധികം പേരെ പട്ടികയിൽനിന്ന് നീക്കംചെയ്തു. വിശദീകരണവും രേഖകളും ആവശ്യപ്പെട്ട് നോട്ടീസയക്കേണ്ടവരുടെ പട്ടികയിൽ 43.81 ലക്ഷം പേരുണ്ട്.

ഇതിൽ 24.97 ലക്ഷം പേർക്ക് നോട്ടീസയച്ചു. 7.03 ലക്ഷം പേരുടെ ഹിയറിങ് പൂർത്തിയാക്കി. അടുത്തമാസം 12 വരെയാണ് ഹിയറിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത്. കരട് പട്ടികയിൽ പരാതിയും അവകാശവാദവും ഉന്നയിക്കാനുള്ള സമയം അടുത്തമാസം 22 വരെയാണ്.