മലയാളികളുടെ ഒരുമ ഓണത്തിന്റെ കരുത്ത്- മന്ത്രി ടി. സിദ്ദിഖ്

ബെംഗളൂരു : ലോകമെമ്പാടുമുള്ള മലയാളികളുടെ ഒരുമയാണ് ഓണത്തിന്റെ കരുത്തെന്ന് കൃഷി മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു.
കേരളസമാജം ബെംഗളൂരു മാഗഡി റോഡ് സോൺ സംഘടിപ്പിച്ച ഓണോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സമാജം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. സോൺ ചെയർമാൻ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ലഹർ സിങ് സിറോയ എം.പി., സിനിമാതാരം വിനയപ്രസാദ്, മുൻ എം.എൽ.എ. ഐവാൻ നിഗ്ലി, കർണാടക ജൈവോർജ വികസന ബോർഡ് ചെയർമാൻ എസ്.ഇ.സുധീന്ദ്ര, കേരളസമാജം പ്രസിഡന്റ് എം.ഹനീഫ്, ജനറൽ സെക്രട്ടറി റജികുമാർ, ഖജാൻജി ജോർജ് തോമസ്, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ് സി.ഗോപിനാഥൻ, സോൺ കൺവീനർ പി.കെ.ലിജു, ആഘോഷ കമ്മറ്റി കൺവീനർ സനൽ കുമാർ, വനിതാ വിഭാഗം ചെയർപേഴ്‌സൺ ബിന്ദു സെയിൽസ്‌രാജ്, യൂത്ത് വിങ് ചെയർപേഴ്‌സൺ അതുല്യ മനോജ് തുടങ്ങിയവർ സംബന്ധിച്ചു.
മേഘ എൻജിനിയറിങ് ലിമിറ്റഡ് കേരള സമാജത്തിന് സംഭാവനയായി നൽകുന്ന ഐ.സി.യു. ആംബുലൻസിനുള്ള തുക ചടങ്ങിൽ കമ്പനി സീനിയർ വൈസ് പ്രസിഡന്റ് സുധീർ മോഹനും സുധ സുധീറും ചേർന്ന് കേരള സമാജം ഭാരവാഹികൾക്ക് കൈമാറി. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, കൺവീനർ ഉണ്ണികൃഷ്ണൻ, പ്രദീപ് കുമാർ, പുഷ്പരാജ്, മാധവൻ തുടങ്ങിയവർ സന്നിഹിതരായി.
സോൺ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, അഞ്ജന ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച നൃത്ത പരിപാടി, ഓണസദ്യ, ചെണ്ട മേളം, പിന്നണി ഗായകൻ എം.ജി. ശ്രീകുമാറും ചിത്ര അരുണും നയിച്ച ഗാനമേള എന്നിവ നടന്നു.