എസ്.ഐ.ആർ.: ഇന്ത്യസഖ്യത്തിന്റെ പ്രക്ഷോഭം താഴെത്തട്ടിലേക്കും

#സുനിൽ തിരുവമ്പാടി

ബെംഗളൂരു: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരേയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇന്ത്യസഖ്യം ഡൽഹി രാം ലീലാ മൈതാനത്ത് നടത്തിയ വൻ പ്രക്ഷോഭത്തിനു പിന്നാലെ സമരം സംസ്ഥാനതലത്തിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ തുടക്കം കർണാടകത്തിൽ നവംബർ അഞ്ചിന് നടക്കും. ബെംഗളൂരു ഫ്രീഡം പാർക്കാണ് സമരവേദി. കോൺഗ്രസ്, സി.പി.എം., സി.പി.ഐ., ഫോർവേഡ് ബ്ലോക്ക്, സി.പി.ഐ.എം.എൽ. എന്നീ കക്ഷികളുടെ നേതൃത്വത്തിലായിരിക്കും സമരം. ഇതിനു തുടർച്ചയായി ജില്ല, താലൂക്ക് തലങ്ങളിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.

ഇന്ത്യസഖ്യം ദേശീയതലത്തിൽ തീരുമാനിച്ച പ്രകാരമാണ് സംസ്ഥാനതലത്തിലേക്കും സമരം വ്യാപിപ്പിക്കുന്നതെന്ന് ചൊവ്വാഴ്ച ബെംഗളൂരുവിലെ കെ.പി.സി.സി. ഓഫീസിൽ ഇന്ത്യസഖ്യത്തിലെ നേതാക്കൾ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കെ.പി.സി.സി. അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടറി കെ. പ്രകാശ്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി സാഥി സുരേഷ്, ഫോർവേഡ് ബ്ലോക്ക് നേതാവ് മഹന്ദേഷ് അലി, സി.പി.ഐ.എം.എൽ. നേതാവ് ക്ലിഫ്റ്റൻ ഡി റൊസാരിയോ, കെ.പി.സി.സി. മാധ്യമവിഭാഗം അധ്യക്ഷൻ രമേഷ് ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കർണാടകത്തിൽ ഇന്ത്യസഖ്യത്തിലെ നേതാക്കളുടെ യോഗം കഴിഞ്ഞമാസം കോൺഗ്രസിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്തിരുന്നു. എസ്.ഐ.ആറിനെതിരായി സംയുക്തസമരം നടത്താൻ തീരുമാനിച്ചിരുന്നു.

നവംബർ ഒന്നിന് ഡൽഹിയിൽനടന്ന സമരം മുന്നിൽക്കണ്ടായിരുന്നു അന്നത്തെ യോഗം.

ഡൽഹിയിലെ സമരത്തിന് കൂടുതൽ പ്രവർത്തകരെ എത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു യോഗം വിളിച്ചത്. ബെംഗളൂരുവിൽ സംസ്ഥാനതല പ്രക്ഷോഭവും ഇതിനുപിന്നാലെ ജില്ലാതലത്തിലും താലൂക്ക് തലത്തിലും പ്രക്ഷോഭം വ്യാപിപ്പിക്കാനും അന്ന് തീരുമാനമെടുത്തിരുന്നു.