തിരഞ്ഞെടുപ്പു കമ്മിഷൻ ബി.ജെ.പി. യുമായി ചേർന്ന് വോട്ടുകവർച്ച നടത്തുന്നു-മുഖ്യമന്ത്രി

ബെംഗളൂരു : തിരഞ്ഞെടുപ്പു കമ്മിഷൻ ബി.ജെ.പി.യുടെ പാവയായി മാറിയെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആരോപിച്ചു. ബി.ജെ.പി.യുമായി ചേർന്ന് കമ്മിഷൻ വോട്ടുകവർച്ച നടത്തുകയാണെന്നും കുറ്റപ്പെടുത്തി. എസ്.ഐ.ആറിൽ ആരോപണവിധേയനായ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ സംസാരിക്കുകയായിരുന്നു ശിവകുമാർ.
രാഷ്ട്രപതി ഇടപെട്ട് തിരഞ്ഞെടുപ്പു കമ്മിഷൻ പിരിച്ചുവിടണമെന്നും ഗ്യാനേഷ് കുമാറിനെ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ എസ്.ഐ.ആർ. പ്രക്രിയ റദ്ദാക്കണമെന്നും പുതിയത് നടത്തണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ പ്രത്യേക സമ്മേളനം വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യവുമുന്നയിച്ചു.
കോൺഗ്രസിന്റെ മുൻനിര നേതാക്കൾ അണിനിരന്ന സമരത്തി്‌ൽ എസ്.ഐ.ആറിനു നേരെ വലിയ പ്രതിഷേധമുയർന്നു.
മുദ്രാവക്യങ്ങളുയർത്തിയും പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചുമാണ് പ്രവർത്തകരും നേതാക്കളും അണിനിരന്നത്.
ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്നു നീക്കണമെന്നും അദ്ദേഹത്തിന്റെ പേരിൽ ക്രമിനൽക്കുറ്റത്തിന് കേസെടുക്കണമെന്നും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ നിലനിൽപ്പിന്റെ വിഷയമാണിതെന്നും പറഞ്ഞു.
മോദി അധികാരത്തിലെത്തിയത് വോട്ടുതട്ടിപ്പിലൂടെയാണെന്ന് ആരോപിച്ച സിദ്ധരാമയ്യ അദ്ദേഹത്തിന് സ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും പറഞ്ഞു.
1.07 കോടി വോട്ടർമാരെ കർണാടകത്തിലെ വോട്ടർപട്ടികയിൽനിന്നു ഒഴിവാക്കുകയാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ ബി.കെ.ഹരിപ്രസാദ് പറഞ്ഞു. യോഗ്യരായ വോട്ടർമാരെ പട്ടികയിൽനിന്നു നീക്കിയാൽ ജനാധിപത്യവും ഭരണഘടനയും അപചയപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.