പരിസ്ഥിതിലോലമേഖലകളുടെ പുതിയ കരട് വിജ്ഞാപനം തള്ളി

നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി

പുതിയ സർവേനടത്താൻ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യം

ബെംഗളൂരു : പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച പരിസ്ഥിതിലോലമേഖലകളുടെ പുതിയ കരട് വിജ്ഞാപനം തള്ളി കർണാടക. ഇത് നടപ്പാക്കാൻ കർണാടകത്തിനാവില്ലെന്ന് വ്യക്തമാക്കി ചൊവ്വാഴ്ച നിയമസഭ പ്രമേയം പാസാക്കി.

കസ്തൂരിരംഗൻ റിപ്പോർട്ട് ചർച്ചചെയ്യുന്നത് മുഖ്യ അജൻഡയായി വിളിച്ചുചേർത്ത നിയമസഭാസമ്മേളനം ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. റിപ്പോർട്ടിലെ ന്യൂനതകൾ പരിഹരിക്കണമെന്ന് പ്രമേയത്തിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് പ്രമേയം അവതരിപ്പിച്ചത്. ജൂലായ് 27-നാണ് കരട് വിജ്ഞാപനം കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത്.

കസ്തൂരിരംഗൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിക്കുന്ന ഏഴാമത്തെ കരട് വിജ്ഞാപനമാണിത്. ഇതുപ്രകാരം കർണാടകത്തിൽ പത്തുജില്ലയിലായി 1449 ഗ്രാമങ്ങളിൽ പടർന്നുകിടക്കുന്ന 20,668 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖല(എൻവയൺമെന്റലി സെൻസിറ്റീവ് ഏരിയ)യായി തിരിച്ചിരിക്കുന്നു.

ഇതിൽ ജനവാസമേഖലകളും കൃഷിഭൂമികളും ഉൾപ്പെടും. ഈ പ്രദേശത്ത് താമസിക്കുന്നവർ ഇതിൽ ആശങ്കയുയർത്തിയതോടെയാണ് വിഷയം ചർച്ചചെയ്യാനും പ്രമേയം പാസാക്കി കേന്ദ്രസർക്കാരിന് അയക്കാനുമായി നിയമസഭാസമ്മേളനം വിളിച്ചത്.

ഉപഗ്രഹവിവരങ്ങൾ (സാറ്റലൈറ്റ് ഡേറ്റ) ഉപയോഗിച്ചാണ് പരിസ്ഥിതിലോലമേഖലകളുടെ അതിർത്തികൾ നിർണയിച്ചിരിക്കുന്നത്.

അതിനാൽ, പ്രദേശത്തിന്റെ യഥാർഥ അവസ്ഥ തിരിച്ചറിയാതെയാണ് മേഖല നിശ്ചയിച്ചതെന്നാണ് വിമർശനം.

യഥാർഥ സർവേനടത്തി അതിർത്തികൾ നിശ്ചയിക്കുന്നതിന് ഒരു വിദഗ്ധസമിതിയെ നിയമിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രദേശത്തെ സർവേനമ്പറുകളെ അടിസ്ഥാനമാക്കി വനാതിർത്തിയും ജനവാസകേന്ദ്രവും കൃഷിഭൂമിയും പരിസ്ഥിതിലോലമേഖലയും വേർതിരിച്ച് അടയാളപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

ഇതിന്റെ നടപടികൾക്കായി ഒരു വർഷം സാവകാശം അനുവദിക്കണം. സംസ്ഥാനം റിപ്പോർട്ട് സമർപ്പിച്ചശേഷം വിശദമായ ചർച്ചകളും നടത്തിയേ അന്തിമ തീരുമാനമെടുക്കാവൂ.

വനപ്രദേശങ്ങൾക്കൊപ്പം കൃഷിഭൂമികളും തോട്ടംഭൂമികളും വീടുകളും പൊതുസ്ഥലങ്ങളും പരിസ്ഥിതിലോല മേഖലയിൽപ്പെടുത്തിയാൽ വീടുനിർമാണത്തിനും കുടുംബസ്വത്ത് വിഭജനത്തിനുമുൾപ്പെടെ ആളുകൾക്ക് പ്രയാസമുണ്ടാകുമെന്ന് പ്രമേയത്തിൽ പറഞ്ഞു.