നീലാകാശത്ത് സൂര്യകിരണിന്റെ മിന്നുംപ്രകടനം

മൈസൂരു : നീലാകാശത്ത് സൂര്യകിരണിന്റെ ലോഹപക്ഷികൾ കാൻവാസ് തീർത്തപ്പോൾ കാണികൾക്ക് അത്ഭുതം.
കുങ്കുമം, വെള്ള, പച്ച നിറങ്ങളിലുള്ള പുകപടലങ്ങൾ സാക്ഷിയായി എയറോബാറ്റിക് ടീമിന്റെ അഭ്യാസപ്രകടനം തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് അതിശയകരമായ ആകാശപ്രദർശനത്തിന് കാഴ്ചയൊരുക്കി. കൃത്യതയുെടയും ഏകോപനത്തിന്റെയും ഉത്തമ പ്രതീകമായി 'ഹോക്ക് എം.കെ. 132' ഒൻപത് വിമാനങ്ങളും നേർരേഖകളായി പറന്നയുർന്നപ്പോൾ വാനിൽ വിസ്മയങ്ങൾ സാക്ഷിയായി. എന്നാൽ, മഴയും പ്രതികൂല കാലാവസ്ഥയും കാരണം, പത്തുമിനിറ്റ് മാത്രമേ ഷോ തുടരാൻ കഴിഞ്ഞുള്ളൂ. പ്രതികൂല കാലാവസ്ഥ കാരണം പൈലറ്റുമാരുടെയും വിമാനങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് ഷോ അവസാനിപ്പിച്ചത്.
തിങ്കളാഴ്ച, ഒൻപത് വിമാനങ്ങളും പറത്താൻ ശ്രമിക്കുമെന്ന് സൂര്യ കിരൺ ടീം പറഞ്ഞു. അഭ്യാസ പ്രകടനങ്ങളിൽ എറ്റവും സാഹസികവും ആകർഷണീയവുമായ ലൂപ്പുകൾ, ബാരലുകൾ എന്നീ ഇനങ്ങൾ തിങ്കളാഴ്ച അവതരിപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്ന് ടീം അറിയിച്ചു. 1996-ൽ സ്ഥാപിതമായ സൂര്യകിരൺ ഇന്ത്യയിലും വിദേശത്തും ഒട്ടേറെ എയർ ഷോകൾ അവതരിപ്പിച്ച് പ്രശസ്തിനേടിയ എയറോബാറ്റിക് ടീമാണ്. ഇന്ത്യൻ വ്യോമസേനയെയും രാജ്യത്തെയും പ്രതിനിധീകരിച്ച് 800-ലധികം പ്രദർശനങ്ങളാണ് ഇതുവരെയായി അവതരിപ്പിച്ചത്.