മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വീടുകളിൽ ഇ.ഡി. റെയ്ഡ്

ബെംഗളൂരു : കർണാടക പൊതുമരാമത്ത് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) പരിശോധന. ബെംഗളൂരു, ബെളഗാവി, ഗോവ എന്നിവിടങ്ങളിലെ 18 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. സതീഷ് ജാർക്കിഹോളിയുടെ മകളും ലോക്‌സഭാംഗവുമായ പ്രിയങ്കയുടെ വീട്ടിലും പരിശോധന നടന്നു.

വ്യാഴാഴ്ച ഡി.കെ. ശിവകുമാർ സർക്കാർ അധികാരത്തിലേറിയിട്ട് 100 ദിവസം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭയിലെ പ്രമുഖനായ സതീഷ് ജാർക്കിഹോളിക്കെതിരായ നടപടി.

മന്ത്രിയുടെ സഹോദരീഭർത്താവും എക്സൈസ് അഡീഷണൽ കമ്മിഷണറുമായ വൈ. മഞ്ജുനാഥും മറ്റുചില ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടയിടങ്ങളിൽ ജൂണിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു. ഇതിൽ 5.5 കോടി രൂപയും 7.8 കോടി വിലമതിക്കുന്ന സ്വർണവും 3.3 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.

ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിക്കുന്ന സതീഷ് ജാർക്കിഹോളി 2013-16 കാലത്ത് എക്സൈസ് മന്ത്രിയായിരുന്നു. ഇപ്പോഴത്തെ നടപടി ജൂണിലെ പരിശോധനയുടെ തുടർച്ചയല്ലെന്നും പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. എന്നാൽ, ഇ.ഡി. അധികൃതർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ബി.ജെ.പി. നേതാക്കളായ രമേഷ് ജാർക്കിഹോളി, ബാലചന്ദ്ര ജാർക്കിഹോളി എന്നിവർ സതീഷ് ജാർക്കിഹോളിയുടെ സഹോദരങ്ങളാണ്.

ദളിത് വിഭാഗത്തിൽനിന്നുള്ള നേതാവായ സതീഷിന്റെ വളർച്ച ബി.ജെ.പി.ക്ക് സഹിക്കാൻ കഴിയില്ലെന്നും അതിനാലാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പ്രതികരിച്ചു.

പാർട്ടിയിലെ 40 എം.എൽ.എ.മാർക്കെതിരേയും ഇ.ഡി.യെ ഉപയോഗിച്ചുള്ള പകപോക്കൽ ബി.ജെ.പി. നടത്തുമെന്നും ശിവകുമാർ പറഞ്ഞു.

ഇ.ഡി. പരിശോധനയുടെ പശ്ചാത്തലത്തിൽ ശിവകുമാറും സംസ്ഥാന ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയും കൂടിക്കാഴ്ച നടത്തി.