ജെ.ഡി.എസ്. പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ കുമാരസ്വാമിയുടെ കുത്തിയിരിപ്പ് സമരം

സിദ്ധരാമയ്യയുടെ ‘ഹണി ട്രാപ്പ് വീഡിയോ’ കേസ്
ബെംഗളൂരു : മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെട്ടതെന്ന് ആരോപിച്ച് മോശം വീഡിയോ പ്രചരിപ്പിച്ച കേസിൽ ജെ.ഡി.എസ്. പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ കുത്തിയിരിപ്പ് സമരം. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലായിരുന്നു സമരം.
ജെ.ഡി.എസിന്റെ രണ്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പോലീസ് അജ്ഞാതകേന്ദ്രത്തിൽ കൊണ്ടുപോയി ചോദ്യം ചെയ്ത് വരുകയാണെന്നാണ് വിവരം. ഇതു ചോദ്യംചെയ്താണ് കുമാരസ്വാമി കമ്മിഷണറുടെ അടുത്തെത്തിയത്. കമ്മിഷണർക്ക് പരാതിനൽകിയശേഷം നടപടി ആവശ്യപ്പെട്ട് കുത്തിരിയിപ്പ് സമരം നടത്തുകയായിരുന്നു. പ്രവർത്തകരെ അന്യായമായി കേസിൽ കുടുക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകാതെ ഇവരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
സിദ്ധരാമയ്യക്കെതിരേ സ്റ്റിങ് ഓപ്പറേഷൻ നടക്കുന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് രണ്ടു വീഡിയോ ദൃശ്യങ്ങൾ ഒരു യുറ്റ്യൂബ് ചാനലും ഒരു കന്നഡ ന്യൂസ് ചാനലുംവഴി പുറത്തായത്. ഹണിട്രാപ്പ് എന്ന് ആരോപിച്ചായിരുന്നു വീഡിയോ. ഇത് വ്യാജമാണെന്നും തന്റെ സൽപേരിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും സിദ്ധരാമയ്യ വിശദീകരിച്ചിരുന്നു. വീഡിയോയും ഇതുസംബന്ധിച്ച വാർത്തയും പ്രചരിപ്പിക്കുന്നതും വിലക്കി കഴിഞ്ഞദിവസം കോടതിവിധിയും നേടിയിരുന്നു.