നോർക്ക ഓഫീസിനുമുൻപിൽ പ്രതിഷേധവുമായി മലയാളി സംഘടനകൾ

ബെംഗളൂരു : പ്രവാസികൾക്കുള്ള നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുകയിൽ ഭീമമായ വർധനവരുത്തിയതിൽ പ്രതിഷേധവുമായി ബെംഗളൂരുവിലെ മലയാളിസംഘടനകൾ.

വിവിധ സംഘടനകളുടെ പ്രതിനിധികൾ നഗരത്തിലെ നോർക്ക ഓഫീസിനുമുൻപിൽ പ്രതിഷേധിച്ചു. പ്രീമിയം തുക കുറയ്ക്കണമെന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. രാവിലെ പത്തരയ്ക്ക് ആരംഭിച്ച സമരം 12 വരെ നീണ്ടു. തുടർന്ന് ഇതുൾപ്പെടെയുള്ള ആവശ്യമടങ്ങിയ നിവേദനം നോർക്ക ഓഫീസർക്ക് കൈമാറി.

ബാംഗ്ലൂർ മലയാളി ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം. ഓൾ ഇന്ത്യ കെ.എം.സി.സി., ശ്രീനാരായണ സമിതി, തേജസ് ചാരിറ്റബിൾ ട്രസ്റ്റ്, സുവർണ കർണാടക കേരള സമാജം, ക്രിസ്റ്റഫർ അസോസിയേഷൻ, നന്മ ബാംഗ്ലൂർ കേരളസമാജം, മജസ്റ്റിക്ക് റസിഡന്റ്‌സ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.

പ്രീമിയം വർധനയിൽ ഇളവുവരുത്താൻ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽകണ്ട് നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.

ബെംഗളൂരു മലയാളി ഫോറം പ്രസിഡന്റ് പി.ജെ. ജോജോ, കെ.എം.സി.സി. ബെംഗളൂരു ജനറൽ സെക്രട്ടറി നൗഷാദ്, ഫോറം സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ വി.ജെ. സജി, ജോയിന്റ് ട്രഷറർ ചാർളി മാത്യു, തേജസ് ചാരിറ്റബിൾ ട്രസ്റ്റ് ചീഫ് ട്രസ്റ്റി മധു കലമാനൂർ സുവർണ കർണാടക കേരള സമാജം പ്രതിനിധി അടൂർ രാധാകൃഷ്ണൻ, ക്രിഫ്റ്റഫർ അസോസിയേഷൻ സെക്രട്ടറി ഡിക്‌സൺ, ശ്രീനാരായണസമിതി സെക്രട്ടറി എം.കെ. രാജേന്ദ്രൻ, നന്മ ബെംഗളൂരു കേരള സമാജം പ്രസിഡന്റ് ഹരിദാസ് എന്നിവർ നേതൃത്വം നൽകി.