വാരാന്ത്യ പ്രത്യേകതീവണ്ടി സർവീസ്; പ്രഖ്യാപനം വന്നത് ടിക്കറ്റ് തീരാറായപ്പോൾ

ബെംഗളൂരു : ദക്ഷിണ-പശ്ചിമ റെയിൽവേ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള വാരാന്ത്യ പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചത് ഏറെ വൈകി. വ്യാഴാഴ്ച ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് സർവീസ് നടത്തുന്നത്. എന്നാൽ, ഇത് സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയത് ബുധനാഴ്ചയായിരുന്നു. ഇതിനകംതന്നെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുധനാഴ്ച രാത്രി തന്നെ തിരുവനന്തപുരത്തേക്കുള്ള സർവീസിൽ സ്ലീപ്പർ ക്ലാസിൽ വെറും ബെർത്തുറപ്പുള്ള ടിക്കറ്റുകൾ തീർന്നു.

റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുൻപു തന്നെ ടിക്കറ്റ് തീരുന്ന വിധത്തിൽ ബുക്കിങ് നടന്നത് സംശയകരമാണ്. സാധാരണ പ്രഖ്യാപനം നടത്തിയതിനുശേഷം ഏറ്റവും കുറഞ്ഞത് അടുത്തദിവസം രാവിലെയായിരിക്കും റിസർവേഷൻ ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിന് 24 മണിക്കൂർപോലും സമയം അനുവദിക്കാതെ അവസാനനിമിഷം പ്രഖ്യാപനം നടത്തുന്നത് മിക്കപ്പോഴും ഏജന്റുമാർക്കാണ് പ്രയോജനകരമാകുക.

ഗാന്ധി ജയന്തി വാരാന്ത്യത്തിലായതിനാൽ വ്യാഴാഴ്ച മുതൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് യാത്രാത്തിരക്ക് രൂക്ഷമാണ്. പതിവ് തീവണ്ടികളിൽ വളരെ നേരത്തെ തന്നെ ടിക്കറ്റ് തീർന്നു. അതിനാൽ പ്രത്യേക സർവീസ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പ്രഖ്യാപനം വൈകിയതിനാൽ ബസുകളിൽ ടിക്കറ്റെടുത്തവർ ധാരാളമാണ്.

ഉത്സവകാല പ്രത്യേക സർവീസുകൾ ഒരു മാസമെങ്കിലും മുൻകൂട്ടി പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇത്തവണ ഓണക്കാലത്ത് ഇത്തരിൽ നേരത്തേതന്നെ പ്രഖ്യാപനം നടത്തിയത് ബെംഗളൂരു മലയാളികൾ ആവേശത്തോടെയാണ് വരവേറ്റത്. എന്നാൽ, ഇതിന് വിരുദ്ധമായ നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

കണ്ണൂരിലേക്കും തിരുവന്തപുരത്തേക്കും പ്രത്യേക തീവണ്ടികൾ

ബെംഗളൂരു : ഈ വാരാന്ത്യത്തിൽ ബെംഗളൂരുവിൽനിന്ന് തമിഴ്‌നാട്ടിലേക്ക് ഒന്നും കേരളത്തിലേക്ക് രണ്ടും പ്രത്യേക സർവീസുകളാണ് ദക്ഷിണ പശ്ചിമറെയിൽവേ പ്രഖ്യാപിച്ചത്. കേരളത്തിൽ കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും തമിഴ്‌നാട്ടിൽ ചെന്നൈയിലേക്കുമാണ് ഇവ.

* ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടി(06585) വ്യാഴാഴ്ച വൈകീട്ട് 4.50-ന് എസ്.എം.വി.ടി.യിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. മടക്ക തീവണ്ടി (06586) ശനിയാഴ്ച ഉച്ചയ്ക്കുശേഷം 12.40-ന് പുറപ്പെട്ട് അടുത്ത ദിവസംരാവിലെ ആറിന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും. കേരളത്തിൽ പാലക്കാട്, തൃശ്ശൂർ,ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.

* ബെംഗളുരു-കണ്ണൂർ പ്രത്യേക തീവണ്ടി(06595) വ്യാഴാഴ്ച രാത്രി 9.45-ന് എസ്.എം.വി.ടി.യിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.50-ന് കണ്ണൂരിൽ എത്തും. മടക്ക തീവണ്ടി (06596) വെള്ളിയാഴ്ച വൈകീട്ട് 4.10-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ ആറിന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി സ്റ്റേഷനുകളിൽ സ്‌റ്റോപ്പുണ്ട്.

*. ബെംഗളൂരു-ചെന്നൈ പ്രത്യേക തീവണ്ടി (06588) വ്യാഴാഴ്ചയും ഞായറാഴ്ചയും രാവിലെ 7.30-ന് ബെംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെട്ട് വൈകീട്ട് മൂന്നിന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. മടക്കതീവണ്ടി ഇതേ ദിവസങ്ങളിൽ വൈകീട്ട് 4.10-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് രാത്രി 11.30-ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.