ഇനി ടിക്കറ്റെടുക്കേണ്ട... ദസറ ആനകളെ കൺനിറയെ കാണാം

മൈസൂരു : കൊട്ടാരവളപ്പിൽ പരിശീലനത്തിനുള്ള ദസറ ആനകളെ ഇനി കൺനിറയെ കാണാം. ആനകളെ കാണാനുള്ള ടിക്കറ്റ് നിരക്ക് സർക്കാർ റദ്ദാക്കി.

ആനകളെ കാണാൻ മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് അൻപതുമായിരുന്നു ഇതുവരെയുള്ള ടിക്കറ്റ് നിരക്ക്. വനംമന്ത്രി രാമലിംഗ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് ടിക്കറ്റ് സംവിധാനം പിൻവലിച്ചത്. ദസറ ആനകളെ കാണാൻ സന്ദർശകരുടെ വൻനിരയാണ് ഈ വർഷം. തിരക്ക് നിയന്ത്രിക്കാനായിരുന്നു വനംവകുപ്പ് ടിക്കറ്റ് ഏർപ്പെടുത്തിയത്. സന്ദർശകർ ആനക്കൂട്ടിൽനിന്ന് 20 മിനുട്ടിനുള്ളിൽ പുറത്തുപോകണമെന്നും നിബന്ധനയുണ്ടായിരുന്നു. ആനകളിൽനിന്ന് കുറഞ്ഞത് രണ്ടുമീറ്റർ അകലം പാലിക്കണം. സെൽഫി എടുക്കുന്നതും റീലുകൾ നിർമിക്കുന്നതും ഒഴിവാക്കണമെന്നും വനംവകുപ്പിന്റെ നിബന്ധനമുണ്ടായിരുന്നു. എന്നാൽ, മന്ത്രി ഇടപെട്ട് ടിക്കറ്റ് സംവിധാനം റദ്ദാക്കുകയായിരുന്നു.

ആദ്യബാച്ചിൽ ഒൻപത് ആനകളാണ് കൊട്ടാരവളപ്പിൽ എത്തിച്ചേർന്നത്. ആനകളുടെ ഭാരോദ്വഹന പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. വെടിയൊച്ചകളും ആൾക്കൂട്ടബഹളവും പരിചിതപ്പെടുത്തുന്ന പരിശീലനമാണ് അടുത്ത ഘട്ടത്തിൽ നടക്കുക. കൊട്ടാര വളപ്പിൽ തന്നെയാണ് ആനകളുടെ താമസവും ഭക്ഷണവും കൂടെ പരിശീലനവും നടക്കുന്നത്.