വിനോദയാത്രാ സംഘത്തിന്റെ ട്രാവലർ ലോറിയിലിടിച്ച് മറിഞ്ഞ് രണ്ടുപേർ മരിച്ചു

13 പേർക്ക് പരിക്ക്
അപകടം സുൽത്താൻബത്തേരിയിൽ
മരിച്ചത് കർണാടക സ്വദേശികൾ
മൈസൂരു /സുൽത്താൻബത്തേരി : ദേശീയപാതയിൽ സുൽത്താൻബത്തേരി കൊളഗപ്പാറയ്ക്ക് സമീപം വിനോദയാത്രാസംഘം സഞ്ചരിച്ച ട്രാവലർ നിയന്ത്രണംവിട്ട് ലോറിയിലിടിച്ച് തലകീഴായി മറിഞ്ഞ് രണ്ടുപേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ട്രാവലർ ഡ്രൈവറും മൈസൂരു ടി. നരസിപ്പുര കിറഗസുനി വില്ലേജ് സ്വദേശിയുമായ രഞ്ജിത്ത്(24), വിദ്യാർഥികൾക്ക് ഭക്ഷണം പാകംചെയ്തുനൽകുന്നതിന് ട്രാവലറിലുണ്ടായിരുന്ന ഐബള്ളി ഗാന്ധിനഗർ സ്വദേശി ഭരത്കുമാർ(22) എന്നിവരാണ് മരിച്ചത്.
ട്രാവലറിലുണ്ടായിരുന്ന മൈസൂരു മാണ്ഡ്യ എൻജിനിയറിങ് കോളേജ് പി.ജി. വിദ്യാർഥികളായ വിശ്വനാഥൻ, എം.എസ്. സുദീപ്, മഹാദേവ പ്രസാദ്, എസ്. സുദീപ്, അപ്പു, ദിലീപ്, രംഗസ്വാമി, ചിന്നസ്വാമി, പ്രജ്വൽ, മനു, പ്രമോദ്, ശിവകുമാർ, ശ്രീധർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിന്നസ്വാമി, രംഗസ്വാമി, മനു എന്നിവർ തീവ്രപരിചരണ വിഭാഗത്തിലാണ്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ കൊളഗപ്പാറ എക്സ് സർവീസ് മെൻ കോളനിക്ക് സമീപമായിരുന്നു അപകടം. മൂന്നാറിൽ വിനോദയാത്രപോയി മൈസൂരുവിലേക്ക് മടങ്ങുകയായിരുന്നു ട്രാവലറിലുള്ളവർ.
നിയന്ത്രണംവിട്ട ട്രാവലർ എതിരേവന്ന ലോറിയുടെ മുൻഭാഗത്ത് ഇടതുവശം ചേർന്ന് ഇടിച്ചു. റോഡിൽത്തന്നെ തലകീഴായി മറിഞ്ഞ ട്രാവലറിന്റെ ഭാഗം വെട്ടിപ്പൊളിച്ചാണ് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് യാത്രക്കാരെ പുറത്തെടുത്തത്. കുടുങ്ങിപ്പോയ ഡ്രൈവറെ അരമണിക്കൂറിലേറെ കഴിഞ്ഞാണ് പുറത്തെത്തിക്കാനായത്.
രഞ്ജിത്തിനെയും ഭരത്കുമാറിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പാതയോരത്തേക്ക് തെന്നിമാറി മുന്നോട്ടുനീങ്ങുകയും നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.