ആസ്വാദകരുടെ മനംകവർന്ന് കഥകളി സന്ധ്യ

ബെംഗളൂരു : വിമാനപുര കൈരളി നിലയം സ്കൂളിൽ നടത്തുന്ന കഥകളി വേഷ പഠനക്കളരിയിലെ വിദ്യാർഥികൾ അവതരിപ്പിച്ച കഥകളി സന്ധ്യ ആസ്വാദർക്ക് നവ്യാനുഭൂതിയായി. പച്ച, മിനുക്ക് വേഷങ്ങളിലായി ഉത്തരാസ്വയംവരം, സുഭദ്രാഹരണം, ലവണാസുരവധം, ഗീതോപദേശം എന്നീ നാലുകഥകളിലെ പ്രധാനഭാഗങ്ങളാണ് അവതരിപ്പിച്ചത്. സ്‌കൂൾ വിദ്യാർഥികൾ മുതൽ ജോലിയിൽനിന്ന്‌ വിരമിച്ചവർവരെ ഉൾപ്പെടുന്നവരാണ് കഥകളി അവതരിപ്പിച്ചത്. ഉത്തരാസ്വയംവരത്തിലെ അരവിന്ദ മിഴിമാരെ എന്ന മനോഹരമായ പദത്തിൽ തുടങ്ങി വീര വിരാട എന്ന പ്രശസ്തമായ കുമ്മിനൃത്തംവരെയുള്ള ഭാഗം ടി.എസ്. അരുന്ധതി, ധന്യ സുദേവ്, നിവേദിതാപ്പണിക്കർ എന്നിവർ അവതരിപ്പിച്ചു. ആകാശ് നരസിപുർ, സി. രതിനായർ എന്നിവർ സുഭദ്രാഹരണത്തിലെ കൃഷ്ണന്റെയും ഇന്ദ്രന്റെയും രംഗം ഗംഭീരമാക്കി. ഡോ. ലൈലാ രാമചന്ദ്രൻ സീതയായി ശോഭിച്ച ലവണാസുരവധം കഥയും ചെറിയകുട്ടികളായ ശ്രീഹരി മനു, കാർത്തിക് ആർ. നായർ, ദൈവിക് ആർ. നായർ, അക്ഷോഭ് എസ് പണിക്കർ എന്നിവർ ചേർന്ന് മനോഹരമായി അവതരിപ്പിച്ച ലവകുശന്മാരും ശ്രദ്ധേയമായി.

ഗീതോപദേശം കഥാഭാഗത്തിൽ കൃഷ്ണനായി വിദ്യ പ്രഭയും അർജുനനായി ഗൗരി പാർവതി പാലശ്ശേരിയും അരങ്ങിലെത്തി. അഭിജിത് വർമ, നവീൻ രുദ്രൻ എന്നിവർ സംഗീതവും, കലാമണ്ഡലം സുഹാസ് ചെണ്ട, കലാമണ്ഡലം ശ്രീജിത്ത് മദ്ദളവും വായിച്ചു. സദനം വിവേക്, സുരേഷ് തോട്ടറ, കലാമണ്ഡലം പ്രവീൺ, ആർ.എൽ.വി. പ്രമോദ് ,സദനം വിപിൻ ചന്ദ്രൻ, കലാമണ്ഡലം ഹരി, കലാമണ്ഡലം ദാഗിൻ, കലാമണ്ഡലം അനൂപ്, ഷാജി, രമേശ്, ഗിരീഷ് എന്നീ കലാകാരൻമാർ മുഖത്തെഴുത്തും, ചുട്ടിയും, വേഷമൊരുക്കലും നിർവഹിച്ചു.

ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ, വിജയ് പ്രസാദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്‌സിന്റെയുംവൈസ് പ്രസിഡന്റ് മീനാദാസ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്‌സിന്റെയും, കൈരളി കലാസമിതിയുടെയും ആഭിമുഖ്യത്തിൽ എല്ലാ വാരാന്ത്യത്തിലും നടത്തി വരുന്ന കഥകളി വേഷ പഠനക്കളരിയിൽ കഥകളി കലാകാരി പ്രിയാനമ്പൂതിരിയാണ് ക്ലാസുകൾ നയിക്കുന്നത്.