നിയമവിദ്യാർഥികളോട് നീതി ഉയർത്തിപ്പിടിക്കാൻ നിർദേശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

കേൾക്കപ്പെടാതെപോകുന്ന ശബ്ദങ്ങൾ ശ്രദ്ധിക്കാനുള്ള കഴിവും വേണമെന്ന് ചീഫ് ജസ്റ്റിസ്

ബെംഗളൂരു : നിയമപഠനം പൂർത്തിയാക്കുന്ന വിദ്യാർഥികളോട് നീതി ഉയർത്തിപ്പിടിക്കാനും സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനും ഭരണഘടനാമൂല്യങ്ങളോട് പ്രതിബദ്ധത പുലർത്താനും നിർദേശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ധൈര്യവും സത്യസന്ധതയും കേൾക്കപ്പെടാതെപോകുന്ന ശബ്ദങ്ങൾ ശ്രദ്ധിക്കാനുള്ള കഴിവും നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയുടെ 34-ാമത് ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു യൂണിവേഴ്‌സിറ്റിയുടെ ചാൻസലർ കൂടിയായ ചീഫ് ജസ്റ്റിസ്.

നിയമവിദ്യാഭ്യാസം അക്കാദമിക് പഠനത്തിനപ്പുറത്തേക്ക് വളരണമെന്നും വ്യത്യസ്ത വീക്ഷണങ്ങളെ ഉൾക്കൊള്ളാനും സമൂഹത്തിന് സേവനംചെയ്യാനും വിദ്യാർഥികളെ പ്രാപ്തരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ക്രിമിനൽ നിയമങ്ങളോ ഭരണഘടനാ നിയമങ്ങളോ പഠിക്കുന്നതിപ്പുറത്തേക്ക് പോകണം. നമ്മളിൽനിന്നു വ്യത്യസ്തമായി ലോകത്തെ വീക്ഷിക്കുന്നവരെ കണ്ടുമുട്ടുന്ന അനുഭവമുണ്ടാകുകയെന്നതാണ് പ്രധാനം.

നീതിക്കുവേണ്ടി നിലകൊള്ളാനുള്ള ധൈര്യവും അവഗണിക്കപ്പെടുന്നവരുടെ ആശങ്കകൾ കേൾക്കാനുള്ള വിനയവും നിയമമേഖല ആവശ്യപ്പെടുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. യൂണിവേഴ്‌സിറ്റിയിൽ പുതിയ വികസനപദ്ധതികളുടെ ശിലാസ്ഥാപനം ചടങ്ങിൽ നിർവഹിച്ചു. പ്രശസ്തനടി അരുന്ധതി നാഗ് മുഖ്യാതിഥിയായി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബക്ര, വൈസ് ചാൻസലർ പ്രൊഫ. സുധീർ കൃഷ്ണസ്വാമി എന്നിവരും പങ്കെടുത്തു.

ചില ബാഹ്യശക്തികൾ അനിശ്ചിതത്വമുണ്ടാക്കി

: നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിയുടെ ബിരുദദാനച്ചടങ്ങിൽ ചില ബാഹ്യശക്തികളുടെ ഇടപെടൽ അനിശ്ചിതത്വമുണ്ടാക്കിയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പ്രതീക്ഷിച്ചപോലെ ചടങ്ങ് നടത്താനാകില്ലെന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

അവിചാരിതവും നിർഭാഗ്യകരവുമായ സാഹചര്യങ്ങളാണ് ബാഹ്യശക്തികൾ ഉണ്ടാക്കിയതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ ജസ്റ്റിസ് സൂര്യകാന്തും ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയും പങ്കെടുക്കുന്നതിൽ ഒരുവിഭാഗം വിദ്യാർഥികൾ എതിർപ്പുയർത്തുകയും പരിപാടി ഒരുതവണ മാറ്റിവെക്കുകയും ചെയ്തിരുന്നു.

ഇക്കാര്യമാണ് ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചത്. സെപ്റ്റംബർ 12-ന് ചടങ്ങ് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. അതാണ് പ്രതിഷേധത്തെത്തുടർന്ന് മാറ്റിയത്.