ഗ്യാനേഷ് കുമാറിന്റെ രാജി: സമരം ശക്തം; വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തുനീക്കി

ബെംഗളൂരു : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ബെംഗളൂരുവിലും വൻ പ്രതിഷേധമരങ്ങേറി. ഡൽഹിയിലെ സമരത്തിന്റെയും സംഘർഷത്തിന്റെയും പശ്ചാത്തലത്തിലാണ് ശനിയാഴ്ച വൈകീട്ട് വിവിധ വിദ്യാർഥിസംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തകർ സമരവുമായെത്തിയത്.

ഫ്രീഡം പാർക്കായിരുന്നു സമരവേദി. എസ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. വൻ പോലീസ് സന്നാഹം ഫ്രീഡം പാർക്കിനും സമീപത്തെ റോഡിലും നിലയുറപ്പിച്ചിരുന്നു. പിന്നീട് സമീപത്തുള്ള കർണാടക മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ ഓഫീസിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചു. തുടർന്ന് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തുനീക്കി.

ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (എ.ഐ.എസ്.എ.), എസ്.എഫ്.ഐ., ഓൾ ഇന്ത്യ ഡെമക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ.), എ.ഐ.എസ്.എഫ്. എന്നീ സംഘടനകളുടെ പ്രവർത്തകർ സമരത്തിൽ അണിനിരന്നു. സമരത്തിനെത്തിയ പ്രവർത്തകരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിൽ എ.ഐ.എസ്.എ. പ്രതിഷേധിച്ചു. പ്രവർത്തകരെ പിന്നീട് വിട്ടയച്ചു.