മൈസൂരു മേഖലയിൽ രണ്ട് പിടിയാനകൾ ചരിഞ്ഞനിലയിൽ

മൈസൂരു : ചാമരാജ്നഗർ, മൈസൂരു ജില്ലകളിലെ വനമേഖലകളിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പിടിയാനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന സംഭവങ്ങളിലാണ് പിടിയാനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്.ശനിയാഴ്ച രാവിലെ ചാമരാജ്നഗർ ജില്ലയിലെ എം.എം. ഹിൽസ് വനമേഖലയിലാണ് ഒരു ആനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. കൊല്ലേഗൽ ബഫർ റേഞ്ചിലുള്ള പാള്യ ഗ്രാമത്തിനുസമീപമാണ് ജഡം കണ്ടെത്തിയത്.
ചോളപ്പാടത്തിനുചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ തുമ്പിക്കൈ തട്ടിയതിനെത്തുടർന്ന് വൈദ്യുതാഘാതമേറ്റാണ് ചരിഞ്ഞതെന്നാണ് പ്രാഥമികനിഗമനം. പിടിയാനയ്ക്ക് ഏകദേശം 20 വയസ്സുണ്ട്. ചോളപ്പാടം ഉടമയായ ശിവമല്ലു അനധികൃതമായി വൈദ്യുതി കണക്ഷൻ എടുത്താണ് വൈദ്യുതവേലി സ്ഥാപിച്ചത്. അതിനാൽ പാള്യ റൂറൽ പോലീസ് ശിവമല്ലുവിനെ അറസ്റ്റുചെയ്തു.വെള്ളിയാഴ്ച നഞ്ചൻകോട് താലൂക്കിലെ ഹെഡിയാല സബ് ഡിവിഷന് കീഴിലുള്ള കൽക്കെരെ -കണ്ടിബെട്ട വനമേഖലയിലാണ് 50 വയസുള്ള പിടിയാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെ പത്തോടെ ആനയുടെ ജഡം കണ്ടെത്തിയത്. ഒരു കൊമ്പനാനയുടെ ആക്രമണത്തെത്തുടർന്നാണ് ചരിഞ്ഞതെന്നാണ് സംശയം.