വരുന്നു... സ്ത്രീകൾക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ആസൂത്രണംചെയ്യാൻ സാങ്കേതിക ഡയറക്ടറെ നിയമിക്കും

ബെംഗളൂരു : സ്ത്രീകൾക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കാനൊരുങ്ങി കർണാടകസർക്കാർ. സ്ത്രീകൾക്ക് പ്രത്യേകമായി ആരോഗ്യസംരക്ഷണനയം സർക്കാർ ആവിഷ്കരിക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദർ അറിയിച്ചു.

പദ്ധതി ആസൂത്രണംചെയ്യാനും നടപ്പാക്കാനും ഒരു സാങ്കേതിക ഡയറക്ടറെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ അംഗീകൃത പൊതു-സ്വകാര്യ ആശുപത്രികൾ ഇൻഷുറൻസ് പദ്ധതിപ്രകാരം സ്ത്രീകൾക്ക് സാർവത്രിക ആരോഗ്യ പരിരക്ഷയും ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാക്കാനാണ് പദ്ധതി.

പുതിയ സാങ്കേതികവിദ്യകളും ജി.പി.എസ്. ട്രാക്കിങും ഉൾക്കൊള്ളുന്ന 750 ആംബുലൻസുകൾ ഡിസംബറോടെ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. വിളിച്ചാൽ 20 മിനിറ്റിനുള്ളിൽ ആംബുലൻസുകൾ ഗ്രാമങ്ങളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കും. ആംബുലൻസ് കൃത്യസമയത്ത് എത്തിയില്ലെങ്കിൽ 3000 രൂപ പിഴ ഈടാക്കും.

ജില്ലാ ആശുപത്രികളിൽ ലഭിക്കുന്ന സൗകര്യങ്ങൾ താലൂക്ക് ആശുപത്രികളിലും ലഭ്യമാണെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ താലൂക്ക് ആശുപത്രികളിലും കുറഞ്ഞത് അഞ്ച് കിടക്കകളുള്ള ഒരു ഐ.സി.യു. ഉറപ്പാക്കും. അത്തരം ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ടെലി മെഡിസിൻ സേവനങ്ങൾവഴി രോഗികൾക്ക് വൈദ്യസഹായം ലഭിക്കും.

കാൻസർ മരുന്നുകൾക്കുപുറമേ, വൃക്ക, ഹൃദ്രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ വില നിയന്ത്രിക്കാൻ കേന്ദ്രം നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.