എസ്.ടി.സി. പേ ബഹ്‌റൈൻ ഡയബോൾഡ് നിക്‌സ്‌ഡോർഫുമായി ചേർന്ന് നെറ്റ്വർക്ക് വിപുലീകരിക്കുന്നു

മനാമ: ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്കായി ബഹ്റൈനിലെ നൂതനവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ മൊബൈൽ വാലറ്റായ എസ്.ടി.സി. പേ, ബാങ്കിങ്- റീട്ടെയിൽ മേഖലകളെ ഡിജിറ്റലൈസ് ചെയ്യുന്നതിലും ഓട്ടോമേറ്റ് ചെയ്യുന്നതിലും ആഗോളതലത്തിൽ മുൻനിരയിലുള്ള ഡയബോൾഡ് നിക്‌സ്‌ഡോർഫുമായി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ബഹ്റൈനിലെ എല്ലാ താമസക്കാർക്കും ബാങ്ക് നിലവാരത്തിലുള്ള ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത എസ്.ടി.സി. പേയുടെ ആദ്യത്തെ നേരിട്ടുള്ള സേവന മാർഗമായ എസ്.ടി.സി. പേ കിയോസ്‌ക് നെറ്റ്വർക്കിന്റെ ഔദ്യോഗിക തുടക്കമാണ് പങ്കാളിത്തത്തിലൂടെ കുറിക്കുന്നത്.
ഡയബോൾഡ് നിക്‌സ്‌ഡോർഫിന്റെ സോഫ്റ്റ്വെയർ സ്യൂട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന അത്യാധുനിക സെൽഫ്- സർവീസ് സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിലൂടെ, പണവും ഡിജിറ്റൽ ഇടപാടുകളും തമ്മിലുള്ള വിടവ് നികത്താൻ എസ്.ടി.സി. പേക്ക് സാധിക്കുന്നു. സ്മാർട്ട്ഫോണോ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്പോ ആവശ്യമില്ലാതെ, പണം ഉപയോഗിച്ചും മൊബൈൽ നമ്പർ വഴിയുള്ള വെരിഫിക്കേഷൻ നടത്തിയും എസ്.ടി.സി. പേ സേവനങ്ങൾ തടസമില്ലാതെ ഉപയോഗിക്കാൻ സെൽഫ്- സർവീസ് കിയോസ്‌കുകൾ ഉപയോക്താക്കളെ സഹായിക്കുന്നു. ബഹ്റൈനിലെ ജനത്തിരക്കുള്ള സ്ഥലങ്ങളിലും കമ്യൂണിറ്റി കേന്ദ്രങ്ങളിലും ഘട്ടംഘട്ടമായി കിയോസ്‌കുകൾ സ്ഥാപിക്കും. വാലറ്റ് ടോപ്പ്- അപ്പ്, പണം സ്വീകരിക്കൽ, ആഭ്യന്തര- അന്താരാഷ്ട്ര പണമയക്കൽ, യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾ, പ്രീപെയ്ഡ്/ പോസ്റ്റ്പെയ്ഡ് റീചാർജുകൾ, ഡിജിറ്റൽ കാർഡ് മാനേജ്മെന്റ് തുടങ്ങിയ പ്രധാന സേവനങ്ങൾ ഇവയിലൂടെ ലഭ്യമാകും.
മൊബൈൽ ആപ്പിന് അപ്പുറത്തേക്ക് നെറ്റ്വർക്ക് വിപുലീകരിക്കുന്നത്, വിശാലമായ സമൂഹത്തിന് സാമ്പത്തിക സേവനങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണെന്ന് എസ്.ടി.സി. പേ സി.ഇ.ഒ. മെറ്റിൻ സാവ്റാക്ക് പറഞ്ഞു. നേരിട്ടുള്ള കിയോസ്‌കുകൾ അവതരിപ്പിക്കുന്നതിലൂടെ, ബഹ്റൈനിലുടനീളം സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ കൂടുതൽ തിരഞ്ഞെടുപ്പുകളും സൗകര്യങ്ങളും നൽകുന്നു. സുരക്ഷിതവും വിശ്വസനീയവും സൗകര്യപ്രദവുമായ അനുഭവം നൽകാൻ ഡയബോൾഡ് നിക്‌സ്‌ഡോർഫുമായുള്ള പങ്കാളിത്തം സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: stc pay Bahrain partners with Diebold Nixdorf to expand kiosk network