70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ എക്സ്പോ 2030 മെട്രോ സ്റ്റേഷൻ; നിർമാണം ആരംഭിച്ച് റിയാദ്

റിയാദ്: എക്സ്പോ 2030-നായി റിയാദ് മെട്രോ ശൃംഖലയിൽ ഒരുങ്ങുന്ന പ്രത്യേക സ്റ്റേഷന്റെ നിർമാണം ആരംഭിച്ചു. ഏകദേശം 70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന സ്റ്റേഷനിൽ മണിക്കൂറിൽ 19,000 യാത്രക്കാരെ വരെ ഉൾക്കൊള്ളാനാകും. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (ഞഇഞഇ) പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതിനൊപ്പം സ്റ്റേഷന്റെ വാസ്തുവിദ്യാ രൂപകൽപ്പനയും പുറത്തിറക്കി.
തലസ്ഥാന നഗരത്തിലെ ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനും ജനസംഖ്യാ വർധന, നഗരവികസനം, സാമ്പത്തിക വളർച്ച എന്നിവയ്ക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള കമ്മീഷന്റെ പദ്ധതികളുടെ ഭാഗമായാണ് പുതിയ സ്റ്റേഷൻ നിർമിക്കുന്നത്.
പൊതുഗതാഗത സംവിധാനത്തിലൂടെ എക്സ്പോ സന്ദർശകർക്ക് എളുപ്പത്തിൽ പ്രദർശന നഗരിയിലെത്താൻ സ്റ്റേഷൻ സഹായിക്കും. എക്സ്പോ അവസാനിച്ച ശേഷവും റിയാദ് മെട്രോ ശൃംഖലയുടെ സ്ഥിരം ഭാഗമായിത്തുടരുന്ന സ്റ്റേഷൻ സമീപ പ്രദേശങ്ങളിലേക്കുള്ള യാത്രാസൗകര്യവും മെച്ചപ്പെടുത്തും.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റിയാദ് മെട്രോയുടെ യെല്ലോ ലൈനിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കിങ് സൽമാൻ റോഡിലൂടെ വ്യാപിച്ചുകിടക്കുന്ന സ്റ്റേഷൻ, കിഴക്കുഭാഗത്തുള്ള എക്സ്പോ 2030 റിയാദ് വേദിയെയും പടിഞ്ഞാറുഭാഗത്തെ ഭാവി നഗരവികസന മേഖലകളെയും ബന്ധിപ്പിക്കുന്ന ഹരിത ഇടനാഴിയുടെ ഭാഗമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റിയാദിന്റെ പ്രകൃതിദൃശ്യങ്ങളിൽനിന്നും പ്രത്യേകിച്ച് താഴ്വരകളിൽനിന്നും അക്കേഷ്യ മരങ്ങളിൽനിന്നുമാണ് സ്റ്റേഷന്റെ വാസ്തുവിദ്യാ രൂപകൽപ്പനയ്ക്ക് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
134 മീറ്റർ വ്യാസമുള്ള കൂറ്റൻ സ്റ്റീൽ താഴികക്കുടമാണ് സ്റ്റേഷന്റെ പ്രധാന ആകർഷണം. അക്കേഷ്യ മരങ്ങളുടെ ശാഖകളെ അനുസ്മരിപ്പിക്കുന്ന എട്ട് തൂണുകളിലാണ് താഴികക്കുടം താങ്ങിനിർത്തുക. സന്ദർശകർക്ക് തണലും വിശ്രമസൗകര്യവും ഒരുക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.
ഏകദേശം 44,000 ചതുരശ്ര മീറ്റർ ഹരിതമേഖലയും സ്റ്റേഷനിൽ ഒരുക്കും. കൂടാതെ, സ്റ്റേഷന്റെ മൊത്തം ഊർജ ഉപഭോഗത്തിന്റെ 25 ശതമാനത്തോളം നിറവേറ്റാൻ ശേഷിയുള്ള സൗരോർജ സംവിധാനങ്ങളും സ്ഥാപിക്കും.
എക്സ്പോ വേദിയുടെ വികസന പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. പ്രദർശന നഗരി പൂർണ സജ്ജമാകുന്നതിനും എക്സ്പോ ആരംഭിക്കുന്നതിനും മുമ്പ് സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
നിർമാണ കാലയളവിൽ ഗതാഗത തടസ്സങ്ങൾ കുറയ്ക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രത്യേക ഗതാഗത നിയന്ത്രണ പദ്ധതിയും നടപ്പാക്കും. ബദൽ റോഡുകൾ ഉൾപ്പെടുന്ന പദ്ധതിയിലൂടെ സമീപത്തെ താമസമേഖലകളിലെ ഗതാഗത തടസ്സങ്ങൾ പരമാവധി ഒഴിവാക്കുകയും പ്രദേശത്തേക്കുള്ള സുഗമമായ യാത്ര ഉറപ്പാക്കുകയും ചെയ്യും.