ഇൻഫിനിയോസുമായുള്ള സഹകരണം പുതുക്കി മാസ്റ്റർകാർഡ്

മനാമ: മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളിലുടനീളം ബിസിനസ്-ടു-ബിസിനസ് യാത്രാ പേയ്‌മെന്റുകൾ മെച്ചപ്പെടുത്തുന്നതിനായി ബഹ്‌റൈൻ ആസ്ഥാനമായ ഫിൻടെക് കമ്പനിയായ ഇൻഫിനിയോസുമായുള്ള ദീർഘകാല കരാർ മാസ്റ്റർകാർഡ് പുതുക്കി. യാത്രാ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന് പിന്തുണ നൽകുന്നതിൽ നിർണായകമായ ചുവടുവെപ്പാണിത്.

വെർച്വൽ കാർഡുകളെ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം യാത്രാ സേവനങ്ങൾ വാങ്ങുന്നവരും നൽകുന്നവരും തമ്മിലുള്ള ഇടപാടുകൾ ഡിജിറ്റൽവൽക്കരിക്കാൻ സഹായിക്കും. സങ്കീർണമായ യാത്രാ മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാരികൾക്കും ട്രാവൽ ഏജൻസികൾക്കും കൂടുതൽ ഓട്ടോമേഷൻ, സുതാര്യത, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക ലഭ്യതയും പ്രവർത്തനപരമായ വഴക്കവും മെച്ചപ്പെടുത്താനും സംവിധാനം സഹായകമാകും.

കരാർ പുതുക്കിയതിലൂടെ മേഖലയിലെ വിവിധ വിപണികളിൽ ഈ സംവിധാനം വിപുലീകരിക്കാനും വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കാനുമുള്ള ഇരു കമ്പനികളുടെയും പ്രതിബദ്ധതയാണ് വ്യക്തമാകുന്നതെന്ന് അധികൃതർ അറിയിച്ചു.

യാത്രാ പേയ്‌മെന്റുകളുടെ ഭാവി ഡിജിറ്റലും അതിരുകളില്ലാത്തതുമാണെന്ന് ഇൻഫിനിയോസ് സി.ഇ.ഒ. ഷെരീഫ് അബ്ദുൽസലാം പറഞ്ഞു. മാസ്റ്റർകാർഡുമായുള്ള പുതുക്കിയ സഹകരണം ഈ മാറ്റത്തിന് വേഗം കൂട്ടും. മേഖലയിലുടനീളം സാമ്പത്തിക ലഭ്യത വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലേക്കുള്ള മറ്റൊരു പ്രധാന ചുവടുവെപ്പാണ് ഈ കരാറെന്നും അദ്ദേഹം വ്യക്തമാക്കി.

മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളിലെ യാത്രക്കാർ ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ കൂടുതലായി സ്വീകരിച്ചുവരികയാണ്. 2025-ൽ മുൻവർഷത്തെ അപേക്ഷിച്ച് മേഖലയിലെ ഓൺലൈൻ യാത്രാ ബുക്കിങ്ങുകളിൽ 63 ശതമാനം വർധനയുണ്ടായി. ഡിജിറ്റൽ രംഗത്തെ നവീകരണങ്ങളും ഉപഭോക്തൃ താൽപ്പര്യങ്ങളും കണക്കിലെടുക്കുമ്പോൾ 2028-ഓടെ മേഖലയിലെ ട്രാവൽ ഇടനിലക്കാർ വഴിയുള്ള ബുക്കിങ്ങുകൾ 100 ബില്യൺ ഡോളർ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിജിറ്റൽ, ഓട്ടോമേറ്റഡ് പേയ്‌മെന്റ് രീതികളെ കൂടുതലായി ആശ്രയിക്കുന്ന യാത്രാ മേഖലയെ പിന്തുണയ്ക്കുന്നതിനായി തന്ത്രപരമായ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്താനും പരീക്ഷിച്ച് വിജയിച്ച പരിഹാരങ്ങൾ വിപുലീകരിക്കാനും മാസ്റ്റർകാർഡ് പ്രതിജ്ഞാബദ്ധമാണെന്ന് സൗദി അറേബ്യ, ബഹ്‌റൈൻ, ജോർദാൻ, ലെവന്റ് മേഖലകളിലെ കമ്പനിയുടെ കൺട്രി മാനേജർ സൗദ് സ്വാർ പറഞ്ഞു.

ഇൻഫിനിയോസുമായുള്ള കരാർ പുതുക്കുന്നത് ഇരുസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാനമായ മുന്നേറ്റമാണ്. മേഖലയിലെ ഫിൻടെക് രംഗത്ത് നിർണായകമായ സഹകരണം വിജയകരമായി നടപ്പാക്കുകയും വിപുലീകരിക്കുകയും ചെയ്തതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Mastercard renews its long-term agreement with Bahrain-based fintech Infinios to digitize B2B travel payments across the Middle East and North Africa.