നിഷേധാത്മക നിലപാടെടുത്ത നടപടികൾ അംഗീകരിക്കാനാവില്ല: യു.പി.പി

യു.പി.പി വാര്‍ത്താസമ്മേളനത്തില്‍ നിന്ന്|photo:special arrangement
യു.പി.പി വാര്‍ത്താസമ്മേളനത്തില്‍ നിന്ന്|photo:special arrangement

മനാമ : ഇന്ത്യൻ സ്‌കൂളിൽ നടന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിൽ രക്ഷിതാക്കൾ ഉന്നയിച്ച അഭിപ്രായങ്ങളും എതിർപ്പുകളും നിർദേശങ്ങളും മുഖവിലയ്ക്കെടുക്കാതെയും നിലവിലെ ഭരണഘടനയിലെ നിയമങ്ങൾ പിന്തുടരാതേയും തികച്ചും ഏകപക്ഷീയമായ രീതിയിലാണ് നടപടികൾ മുന്നോട്ടു കൊണ്ടു പോയതെന്ന് യു.പി.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭരണകർത്താക്കൾ രക്ഷിതാക്കളുടെ അഭിപ്രായം കേൾക്കാൻ തയ്യാറല്ലെങ്കിൽ പിന്നെ എന്തിനായിരുന്നു ഇത്ര ധൃതിവെച്ച് പേരിനൊരു ജനറൽ ബോഡി വിളിച്ചതെന്ന് ബന്ധപ്പെട്ടവർ രക്ഷിതാക്കളോടും പൊതു സമൂഹത്തോടും വെളിപ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻ സ്‌കൂളിന്റെ ഭരണഘടന അനുശാസിക്കും പോലെ അക്കാദമിക് വിഷയങ്ങളൊഴിച്ച് ,ഫിനാൻസ് ,ഭരണഘടന മാറ്റം എന്നിവ പോലെയുള്ള കാര്യങ്ങളിലെ അടിസ്ഥാനപരമായ മാറ്റങ്ങൾ എന്നിവ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷ പിന്തുണയിലൂടെ മാത്രം തീരുമാനിക്കേണ്ടതാണ്.

ജനറൽ ബോഡിയിലെ രണ്ടാമത്തെ അജണ്ടയായ ഫീസ് കുടിശ്ശിഖ തിരിച്ചു പിടിക്കാനുള്ള ഒരു നിർദേശമോ പോം വഴിയോ കണ്ടു പിടിക്കുന്നതിന് പകരം ഇന്നത്തെ സാഹചര്യത്തിൽ രണ്ടു മാസത്തേതോ അതിൽ കുറവോ മാത്രം ഫീസ് കുടിശ്ശികയുള്ളവർക്ക് ജനറൽ ബോഡിയിൽ സംബന്ധിക്കാനും വോട്ട് രേഖപ്പെടുത്താനുമുള്ള നിലവിലെ അവകാശം നിഷേധിച്ചത് തുച്ഛ വരുമാനക്കാരായ സാധാരണക്കാരിൽ സാധാരണക്കാരായ രക്ഷിതാക്കൾക്ക് കൊടുത്ത ഇരുട്ടടിയായി പോയി. ജനറൽ ബോഡിയിലെ പ്രധാനപ്പെട്ടതും മൂന്നാമത്തേതും അജണ്ടയായ സി.ആർ വിഷയത്തിൽ മന്ത്രാലയത്തിന്റെ നിർദേശമുണ്ടെന്ന് വിശദീകരിച്ചെങ്കിലും, അതേ അജണ്ടയിൽ തന്നെ എഴുതി ചേർത്ത ഭരണഘടനാ മാറ്റങ്ങളുടെ ആവശ്യകതയും നിർദ്ദേശവും രക്ഷിതാക്കളെ ബോധ്യപ്പെടുത്തൊൻ ഭരണസമിതിക്ക് കഴിഞ്ഞില്ല.

ഭരണഘടന പുതിയതായി അംഗീകരിച്ചു എന്ന പ്രഖ്യാപനത്തിനു ശേഷം പിന്നെതിനാണ് ഭേദഗതി നിർദ്ദേശങ്ങൾ എന്ന് ഒരു രക്ഷിതാവ് ചോദിച്ചതിനും മറുപടിയില്ല. ജൂലായ് മാസം എക്‌സിക്യൂട്ടീവ് മീറ്റിംഗ് കൂടി ഇങ്ങിനെയൊരു തീരുമാനം എടുത്തുവെന്നും ആറ് മന്ത്രാലയത്തെ അറിയിച്ചു എന്നാണ് സ്‌കൂൾ സർക്കുലറിൽ പറയുന്നത്. അങ്ങിനെ തന്നെയാണ് പിപിഎ മീറ്റിങ്ങുകളിൽ ചെയർമാൻ പറഞ്ഞതും. അതുകൊണ്ടു തന്നെയാണ് ഭരണഘടനാ ഭേദഗതിയിൽ ചർച്ചയില്ലാതെ തന്നെ പാസ്സാക്കി എന്ന് ചെയർമാൻ പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. രക്ഷിതാക്കൾ ചർച്ച ചെയ്യാതെയും അംഗീകാരം നേടാതെയും ഒരു നിയമവും ഉണ്ടാവാൻ പാടുള്ളതല്ല.

രക്ഷിതാക്കളോടും ഭരണഘടനയോടും ഒട്ടും നീതി പുലർത്താത്ത ഇത്തരം രീതികളും അജണ്ടകകളും ഒരിക്കലും സാധുതയില്ലാത്തത് കൊണ്ട് തന്നെ അത് ഭൂരിപക്ഷം വരുന്ന രക്ഷിതാക്കൾക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും യു.പി.പി നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. എത്രയും വേഗം മറ്റൊരു ജനറൽ ബോഡി മീറ്റിങ് വിളിച്ചു രക്ഷിതാക്കളുടെ അംഗീകാരം ജനാധിപത്യപരമായ രീതിയിൽ തേടണമെന്നും യുപിപി ആവശ്യപ്പെട്ടു . വെള്ളിയാഴ്ച കഴിഞ്ഞ പ്രത്യേക ജനറൽ ബോഡി മീറ്റിംഗ് അവസാനിപ്പിച്ചത് രക്ഷിതാക്കളുടെ നിർദേശ പ്രകാരം ഭരണഘടന ചർച്ച ചെയ്യാൻ മറ്റൊരു മീറ്റിംഗ് ഉടനെ വിളിക്കാം എന്ന് പറഞ്ഞാണ്. എന്നാൽ ഇപ്പോൾ സ്‌കൂളിൽ നിന്നും സർക്കുലർ വന്നിരിക്കുന്നത് എല്ലാം പാസ്സായി എന്ന് പറഞ്ഞാണ്. പത്ര സമ്മേളനത്തിൽ ഖിലർ വലിയകത്ത്, എഫ്.എം. ഫൈസൽ, ഡോക്ടർ ശ്രീദേവി, ഫിലിപ്പ് കറുകച്ചാൽ, ചന്ദ്രബോസ്, ഷിബിൻ തോമസ്, റെജീന ഇസ്മായിൽ, സന്ധ്യ സതീശ്, ഫഹദ് എന്നിവർ സംബന്ധിച്ചു.

Content Highlights: UPP strongly opposes unilateral actions and constitutional amendments passed without proper parental consensus at the Indian School general body meeting., Denial of voting rights to parents with minor fee arrears has been condemned as unfair to low-income families., Management called upon to convene another general body meeting to democratically address parental concerns and discussions.