രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ വർക്ക് പെർമിറ്റ് വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കി എൽ.എം.ആർ.എ

മനാമ: സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പരിഷ്‌കാരങ്ങൾ വരുത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ വർക്ക് പെർമിറ്റ് വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചു. ഇതിലൂടെ, തൊഴിലാളികൾക്ക് തങ്ങളുടെ ഐ.ഡി. കാർഡ്, പാസ്പോർട്ട് നമ്പർ, രാജ്യം എന്നിവ ഉപയോഗിച്ച് 'ഈകീ 2.0' വഴിയോ 'മൈഗവ' ആപ്പ് വഴിയോ ബഹ്റൈനിലെ തങ്ങളുടെ വർക്ക് പെർമിറ്റിന്റെ നിലയും കാലാവധിയും പരിശോധിക്കാൻ സാധിക്കും. മെച്ചപ്പെടുത്തിയ ഈ സേവനത്തിൽ കൂടുതൽ മികച്ച ഇന്റർഫേസും ഉപയോക്തൃ അനുഭവവും ലളിതമായ നടപടിക്രമങ്ങളും ഉൾപ്പെടുന്നു. കൂടാതെ, എല്ലാ പ്ലാറ്റ്ഫോമുകളിലും ഏകീകൃതമായ സേവന വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ സേവനം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും ഗുണഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാനും സാധിക്കുന്നു.
സേവനങ്ങളെ നിരന്തരം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമതയും ലഭ്യതയും വർധിപ്പിക്കുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും, അതുവഴി ഗുണഭോക്താക്കൾക്ക് വ്യക്തവും സുഗമവുമായ അനുഭവം നൽകുന്നതിനുമുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് സേവനത്തിന്റെ വികസനത്തിലൂടെ വ്യക്തമാകുന്നതെന്ന് എൽ.എം.ആർ.എയുടെ സർവീസസ് ആൻഡ് ബിസിനസ് വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഹമ്മദ് ഇബ്രാഹിം അൽ അറബി പറഞ്ഞു. തൊഴിലാളികൾക്ക് തങ്ങളുടെ വർക്ക് പെർമിറ്റ് വിവരങ്ങൾ നേരിട്ട് പരിശോധിക്കാനും പെർമിറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും സംവിധാനം സഹായിക്കുന്നു. ഗുണഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായ ഡിജിറ്റൽ സേവനങ്ങൾ നൽകാനുള്ള എൽ.എം.ആർ.എയുടെ ശ്രമങ്ങൾക്ക് ഇത് കരുത്തേകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ സേവനങ്ങൾ വികസിപ്പിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി, 1,300-ലധികം സർക്കാർ സേവനങ്ങൾ രേഖപ്പെടുത്തുകയും വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, വിവിധ സർക്കാർ മേഖലകളിലായി 800-ഓളം സേവനങ്ങൾ വികസന- പരിഷ്‌കരണ പ്രക്രിയയിലുമാണ്. നാഷണൽ സജഷൻസ് ആൻഡ് കംപ്ലയിന്റ്‌സ് സിസ്റ്റമായ 'തവാസൽ' വഴിയുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും, നിക്ഷേപകരുടെ പ്രതികരണങ്ങൾ, സർക്കാർ സേവനങ്ങൾ വിലയിരുത്തുന്ന 'മിസ്റ്ററി ഷോപ്പർ' റിപ്പോർട്ടുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ നടത്തിയത്. സേവന മാർഗ്ഗരേഖകളും 'സർവീസ് ലെവൽ എഗ്രിമെന്റുകളും' ഇതിൽ ഉൾപ്പെടുന്നു. ഇവ നടപടിക്രമങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും, ഗുണഭോക്താക്കളുടെ അനുഭവം മികച്ചതാക്കുന്നതിനും, സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായിക്കുന്നു.
Content Highlights: Bahrain's Labour Market Regulatory Authority (LMRA) upgraded its platform to display work permit details for registered workers.