കേരളത്തിലേക്ക് വരാം, നിക്ഷേപം നടത്താം; മെച്ചപ്പെട്ട സാഹചര്യം നാട്ടിലുണ്ടെന്ന് പി. രാജീവ്

.
.

മാതൃഭൂമിയും ബഹ്‌റൈന്‍ കേരള സമാജവും സംയുക്തമായി ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ടെന്നും സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. 

കേരളം ഇന്ന് വ്യവസായ സൗഹൃദത്തില്‍ രാജ്യത്ത് ഒന്നാമതാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നോളജ് ബേസ്ഡ് ഇന്‍ഡസ്ട്രി കേരളത്തില്‍ വന്നുകൊണ്ടിരിക്കുന്നു. വ്യവസായം ആരംഭിക്കുന്നതിനുള്ള എല്ലാ ചട്ടങ്ങളും ലളിതവത്കരിച്ചിട്ടുണ്ട്. വ്യവസായം നടത്തുന്നതോ അല്ലെങ്കില്‍ ആരംഭിക്കുന്നതോ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ പരിഹരിക്കാനായി പരിഹാരസംവിധാനവും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് സ്വകാര്യ വ്യവസായ പാര്‍ക്ക് എന്ന നയം നടപ്പിലാക്കിയത്. 

ഒരു വര്‍ഷത്തിനുള്ളില്‍ 34 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. പഠനത്തോടൊപ്പം  ജോലി ചെയ്യാന്‍ കഴിയുന്ന അനുബന്ധ സൗകര്യം ക്യാമ്പസുകളോട് ചേര്‍ന്ന് രൂപപ്പെടുത്തുക എന്നുള്ളതാണ് കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ ലക്ഷ്യം. വലിയ തോതില്‍ കേരളം മാറിയിരിക്കുന്നു. ഈ പശ്ചാത്തലം ഉപയോഗിച്ചാണ് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് വിജയകരമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞതും. 

അതിനു മുന്നോടിയായി ദുബായില്‍ അടക്കം റോഡ്‌ഷോ നടത്തി. മുംബൈ, ഡല്‍ഹി, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും റോഡ്‌ഷോ നടത്തി. ദാവോസിലെ വേള്‍ഡ് എക്കണോമിക്‌സ് സമ്മിറ്റിലും കേരളം പങ്കെടുത്തു. രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ സമ്മിറ്റിലൂടെ ലഭിച്ചു. ഇത് സമയബന്ധിതമായി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് വകുപ്പ്. 

അതോടൊപ്പം തന്നെ വ്യവസായമാരംഭിക്കാന്‍ ഭൂമി ആവശ്യമുള്ളവരെയും വ്യവസായങ്ങള്‍ക്ക് ഭൂമി കൊടുക്കാന്‍ താത്പര്യമുള്ളവരെയും ബന്ധപ്പെടുത്തുന്ന മൊബൈല്‍ ആപ്പും ഇതിന്റെ തുടര്‍ച്ചയായി ആരംഭിച്ചിട്ടുണ്ട്. എന്‍ആര്‍ഐക്കാര്‍ക്കുവേണ്ടി പ്രത്യേക സൗകര്യങ്ങളും ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്നുണ്ട്. 

മാതൃഭൂമിയുടെ നേതൃത്വത്തില്‍ ബഹ്‌റൈനിലെ ഇന്‍വെസ്റ്റ് സമ്മിറ്റ് നടക്കുന്നത് ഇതിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനമായാണ് കാണുന്നത്. കേരളത്തിലേക്ക് വരാം, നിക്ഷേപം നടത്താം. ഏറ്റവും മെച്ചപ്പെട്ട സാഹചര്യം ഇന്ന് നമ്മുടെ നാട്ടിലുണ്ട്. അത് ഉപയോഗപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് ഈ സന്ദര്‍ഭത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. ആശംസകള്‍ നേര്‍ന്ന് പി. രാജീവ് പറഞ്ഞു.

Content Highlights: Kerala`s Business-Friendly Environment