മൂന്നാം ദിവസവും ഇറാൻ ആക്രമണം തടഞ്ഞ് ബഹ്റൈൻ പ്രതിരോധ സേന

മനാമ: ബഹ്റൈനിൽ തുടർച്ചയായ മൂന്നാം ദിവസവും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണശ്രമം നടന്നതായി ബഹ്റൈൻ പ്രതിരോധസേന അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനം എല്ലാ ആക്രമണങ്ങളും വിജയകരമായി തടഞ്ഞതായും രാജ്യത്തെ സുരക്ഷാ സേന ഉയർന്ന ജാഗ്രതയിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ആക്രമണത്തെ തുടർന്ന് സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ സമീപിക്കരുതെന്നും ഉടൻ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇതിനിടെ, ബഹ്റൈനെയും കുവൈത്തിനെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശക്തമായി അപലപിച്ചു. ഇത് രാജ്യങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക സുരക്ഷയ്ക്കുമെതിരായ ഗുരുതരമായ ലംഘനമാണെന്നും ബഹ്റൈനിനും കുവൈത്തിനും ജിസിസിയുടെ പൂർണ പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.