ഇന്ത്യന്‍ സ്‌കൂളിന് അഞ്ച് പുതിയ ബസുകള്‍

ബസ്സുകളുടെ താക്കോൽ കൈമാറുന്നു
ബസ്സുകളുടെ താക്കോൽ കൈമാറുന്നു

മനാമ: സ്‌കൂള്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സ്‌കൂള്‍ അഞ്ച് പുതിയ ബസ്സുകള്‍ വാങ്ങി. മാര്‍ച്ചില്‍ നടന്ന സ്‌കൂളിന്റെ  അസാധാരണ ജനറല്‍ ബോഡി യോഗത്തില്‍ സമഗ്രമായ ആലോചനയെ തുടര്‍ന്നാണ് പുതിയ ബസുകള്‍ വാങ്ങാനുള്ള തീരുമാനം അംഗീകരിച്ചത്. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ് അശോക് ലെയ്ലന്‍ഡ് ബസുകളുടെ താക്കോല്‍ സ്‌കൂള്‍ അധികൃതരുടെ സാന്നിധ്യത്തില്‍ വൈ.കെ. അല്‍മോയ്ദ് ആന്‍ഡ് സണ്‍സ് ജനറല്‍ മാനേജര്‍ (ഹെവി എക്യുപ്മെന്റ്) ജോര്‍ജ് കുട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി. 

ഇസാ ടൗണ്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ അഡ്വ ബിനു മണ്ണില്‍ വറുഗീസ്, സ്‌കൂള്‍ ഡ്രൈവര്‍മാരായ രാജന്‍ രാമന്‍, ചെല്ലമുത്തു എന്‍, ജഗദീശന്‍ പി, മുഹമ്മദ് ഇസ്മായില്‍, സോമന്‍ പിള്ള, ഷിജേഷ് തയ്യില്‍ എന്നിവര്‍ക്ക് ബസിന്റെ താക്കോല്‍ കൈമാറി. ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളിലൊന്നായ അശോക് ലെയ്ലന്‍ഡിന്റെ സമീപകാല അംഗീകാരം ഈ ഏറ്റെടുക്കലിന് മികവ് വര്‍ധിപ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

സ്‌കൂള്‍ സെക്രട്ടറി വി. രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫൈസല്‍, അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി മോഹന്‍, ഭരണസമിതി  അംഗങ്ങളായ മുഹമ്മദ് നയാസ് ഉല്ല (ഗതാഗതം), ബോണി ജോസഫ് (ഫിനാന്‍സ് ആന്‍ഡ് ഐ.ടി), മിഥുന്‍ മോഹന്‍ (പ്രൊജക്ട്സ് ആന്‍ഡ് മെയിന്റനന്‍സ്), ബിജു ജോര്‍ജ്, പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി, ജൂനിയര്‍ വിങ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, വൈസ് പ്രിന്‍സിപ്പല്‍മാര്‍, ട്രാന്‍സ്പോര്‍ട്ട് സൂപ്പര്‍വൈസര്‍ സുനില്‍ കുമാര്‍, സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ.് നടരാജന്‍, പി.പി.എ. കണ്‍വീനര്‍ പി.എം. വിപിന്‍, മറ്റ് കമ്മ്യുണിറ്റി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഒരു മിനിബസും രണ്ട് കാറുകളും കൂടി ഇന്ത്യന്‍ സ്‌കൂളിനു വേണ്ടി വാങ്ങും. പരിചയസമ്പന്നരായ ഡ്രൈവര്‍മാരും ശ്രദ്ധയുള്ള നാനിമാരും വിദ്യാര്‍ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു.  കൃത്യമായി ആസൂത്രണം ചെയ്ത ബസ് റൂട്ടുകള്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായിരിക്കുമെന്ന് സ്‌കൂള്‍ ഉറപ്പാക്കുമെന്നും അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Content Highlights: Indian School gets new 5 buses.