ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ദിനം ആഘോഷിച്ചു

മനാമ: വിദ്യാർഥികളുടെ ഭാഷാപരമായ കഴിവുകൾ, സാഹിത്യാഭിരുചി, സർഗാത്മകത എന്നിവ ഉയർത്തിക്കാട്ടുന്ന വിവിധ പരിപാടികളോടെ ഇന്ത്യൻ സ്കൂളിൽ ഇംഗ്ലീഷ് ദിനം ആഘോഷിച്ചു. മത്സരങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷയുടെ സമ്പന്നത പര്യവേക്ഷണം ചെയ്യാനും ഭാഷാപ്രാവീണ്യം പ്രകടിപ്പിക്കാനും വിദ്യാർഥികൾക്ക് അവസരമൊരുക്കി.
സ്കൂൾ അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ ദീപം തെളിയിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശാന്തകുമാർ ദസരി, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഇംഗ്ലീഷ് വകുപ്പ് മേധാവി ജി.ടി. മണി, പ്രധാന അധ്യാപകർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
ദേശീയഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് സാഹിത്യ സെക്രട്ടറി ടാൻസിയ എൽസ സോണി സ്വാഗതം പറഞ്ഞു. ആഘോഷത്തിന്റെ പ്രാധാന്യം പരിചയപ്പെടുത്തുന്ന വീഡിയോ അവതരണവും നടന്നു.
നാലു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഇംഗ്ലീഷ് വകുപ്പ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കൈയക്ഷരം, ക്വിസ്, ചിത്രവിവരണം, പോസ്റ്റർ നിർമാണം, റോൾ പ്ലേ, പുസ്തക കവർ ഡിസൈൻ, പുസ്തക അവലോകനം, സ്പോട്ട്ലൈറ്റ് ആക്ടിങ് ചലഞ്ച്, വാർത്താവായന എന്നിവയായിരുന്നു മത്സരങ്ങൾ. സ്കൂളിലുടനീളമുള്ള വിദ്യാർഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു പരിപാടികൾ.
വിദ്യാർഥികൾ ആംഗ്യപ്പാട്ടും ‘സൗണ്ട് ഓഫ് മ്യൂസിക്’ എന്ന പേരിലുള്ള ഹ്രസ്വനാടകവും അവതരിപ്പിച്ചു. സാങ്കൽപ്പിക കഥാപാത്രങ്ങളെ അനുയോജ്യമായ വേഷപ്പകർച്ചകളിലൂടെ അവതരിപ്പിച്ചത് ആഘോഷത്തിലെ ശ്രദ്ധേയമായ സവിശേഷതയായി.
രഞ്ജിനി മോഹൻ സമ്മാനദാനം നിർവഹിച്ചു. അസിസ്റ്റന്റ് സാഹിത്യ സെക്രട്ടറി അമയ പ്രമിലാഷ് നന്ദി പറഞ്ഞു. ഗണേഷ് അയിലൂർ യോഗേഷ്, കാശിക രജീഷ്കുമാർ എന്നിവർ അവതാരകരായിരുന്നു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ ശാന്തകുമാർ ദസരി എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു.
Content Highlights: The Indian School celebrated English Day with a range of literary and language-based activities.