ഇന്ത്യൻ സ്കൂൾ ബഹ്റൈൻ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു; മൂന്ന് വർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിച്ച് ഭരണസമിതി

മനാമ: കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണനേട്ടങ്ങളുമായാണ് ഇന്ത്യൻ സ്കൂൾ ഭരണസമിതി ആസന്നമായ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സ്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ട്യൻ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ആൻഡ് ഐ.ടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ ശാന്തകുമാർ ദസരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സ്കൂൾ ഭരണസമിതി കൈവരിച്ച സുപ്രധാന നേട്ടങ്ങളും നാഴികക്കല്ലുകളും അഡ്വ. ബിനു മണ്ണിൽ വറുഗീസ് വിശദീകരിച്ചു. നിലവിലെ ഭരണസമിതി കാലാവധി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാർഷിക പൊതുയോഗത്തിനും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പിനും തയ്യാറെടുക്കുകയാണ്. വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഡിസംബർ 11ന് നടത്തുന്നതിനുള്ള അനുമതിക്കായി ബന്ധപ്പെട്ട മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഈ കാലഘട്ടത്തിലെ ഏറ്റവും അവിസ്മരണീയമായ നാഴികക്കല്ലുകളിലൊന്നാണ്. 2025 ജനുവരി 23ന് വിദ്യാഭ്യാസ മന്ത്രാലയം, ഇന്ത്യൻ എംബസി, പൗരപ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്ത ആഘോഷങ്ങൾ സ്ഥാപനത്തിന്റെ സമ്പന്നമായ പൈതൃകവും വിദ്യാഭ്യാസ മികവിനോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു.
ബഹ്റൈൻ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ 'ഗുഡ്' റേറ്റിംഗ് കൈവരിച്ചതും പ്രധാന നേട്ടമാണ്. അക്കാദമിക് നിലവാരം ശക്തിപ്പെടുത്തുന്നതിനും അധ്യാപന-പഠന രീതികൾ മെച്ചപ്പെടുത്തുന്നതിനും സ്കൂൾ പ്രവർത്തനങ്ങളുടെ എല്ലാ മേഖലകളിലും ഗുണനിലവാരം നിലനിർത്തുന്നതിനുമുള്ള പ്രതിബദ്ധതയുടെ അംഗീകാരമാണിത്.
സ്മാർട്ട് ക്ലാസ് റൂം പദ്ധതി ആരംഭിച്ചതോടെ സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് വലിയ ഉത്തേജനം ലഭിച്ചു. സെയിൻ ബഹ്റൈനുമായി സഹകരിച്ച് ഏകദേശം 400,000 ദിനാർ ചെലവിൽ 350 നൂതന ഇന്ററാക്ടീവ് ഡിജിറ്റൽ പാനലുകൾ ഉപയോഗിച്ച് സ്കൂൾ ക്ലാസ് മുറികൾ സജ്ജീകരിച്ചു.
ഡി.സി. പാരന്റ് ആപ്പ് വഴി സ്കൂൾ പുതിയ തത്സമയ സ്കൂൾ ബസ് ട്രാക്കിംഗ് സൗകര്യവും സൗജന്യമായി അവതരിപ്പിച്ചു. 2026 ഒക്ടോബർ ഒന്നിന് റിഫ കാമ്പസിൽ ആദ്യമായി അവതരിപ്പിച്ച ഈ സൗകര്യം പിന്നീട് ഈസ ടൗൺ കാമ്പസിലേക്കും വ്യാപിപ്പിക്കും.
അക്കാദമിക് മികവ് സ്ഥാപനത്തിന്റെ മുൻഗണനകളിൽ പ്രധാനമായിരുന്നു. ഈ വർഷത്തെ സി.ബി.എസ്.ഇ പരീക്ഷാഫലങ്ങൾ മികച്ചതായിരുന്നു. പത്താം ക്ലാസിൽ 99.99 ശതമാനം വിജയശതമാനം രേഖപ്പെടുത്തി. ഹർഷ് ബാബർവാൾ 500ൽ 498 മാർക്കുമായി സ്കൂൾ ടോപ്പറായി.
പന്ത്രണ്ടാം ക്ലാസിൽ 98.09 ശതമാനം വിജയശതമാനവും സ്കൂൾ നേടി. 2016ൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആരംഭിച്ചതിനുശേഷം വിശിഷ്ട അംഗീകാരത്തിന് യോഗ്യത നേടുന്ന ബഹ്റൈനിൽ നിന്നുള്ള ആദ്യ ബാച്ചാണിത്. ഇന്റർ-സ്കൂൾ മത്സരങ്ങളിലും കായിക ഇനങ്ങളിലും ഐ.എസ്.ബി വിദ്യാർഥികൾ മികവ് പുലർത്തി.
നിർദിഷ്ട പ്ലാറ്റിനം ജൂബിലി കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പൊതുയോഗത്തിന്റെ അംഗീകാരപ്രകാരം ലെറ്റർ ഓഫ് ഇന്റന്റ് നൽകാനും പൗലൈഡ്സ് കൺസ്ട്രക്ഷൻ കമ്പനിയുമായി നിർമാണ കരാറിൽ ഏർപ്പെടാനും ഭരണസമിതി തീരുമാനിച്ചു. 48 വർഷത്തിലേറെ പഴക്കമുള്ള ടാഗോർ കെട്ടിടത്തിന് പകരമായിരിക്കും പുതിയ പ്ലാറ്റിനം ജൂബിലി കെട്ടിടം ഉയരുക.
കൊമേഴ്സ്യൽ രജിസ്ട്രേഷൻ (സി.ആർ.) നേടുന്നതിനുള്ള മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി സ്കൂൾ സുപ്രധാനമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. സി.ആർ. നേടുന്നതിനും സ്കൂളിലെ നിലവിലെ രക്ഷിതാക്കൾ ഉടമസ്ഥരാകുന്ന ഭരണചട്ടക്കൂടിലേക്ക് മാറുന്നതിനുമാണ് നിർദേശം.
പുതിയ ഭരണഘടന അനുസരിച്ചായിരിക്കും ഇനി തെരഞ്ഞെടുപ്പ് നടക്കുക. ഭരണസമിതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഏഴ് അംഗങ്ങൾ ഉൾപ്പെടും. രണ്ട് കാമ്പസുകളിലെയും പ്രിൻസിപ്പൽമാരും സ്റ്റാഫ് പ്രതിനിധികളും എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. പതിവുപോലെ മൂന്ന് വർഷത്തിലൊരിക്കലായിരിക്കും ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്. ആവശ്യമായ സർക്കാർ അംഗീകാരങ്ങൾക്കും നിയന്ത്രണപരമായ വ്യവസ്ഥകൾക്കും വിധേയമായാണ് ക്രമീകരണങ്ങൾ നടപ്പിലാക്കുക.
വിദ്യാഭ്യാസ മന്ത്രാലയം, ഇന്ത്യൻ എംബസി, സ്കൂൾ ഭരണകൂടം, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ, വിശാലമായ ഇന്ത്യൻ സമൂഹം എന്നിവരുടെ തുടർച്ചയായ സഹകരണത്തിനും പിന്തുണയ്ക്കും ഭരണസമിതി നന്ദി അറിയിച്ചു.
Content Highlights: Indian School Bahrain highlighted its achievements in academics, smart classrooms, infrastructure and governance reforms as it prepares for its upcoming annual general meeting and elections.