ഇന്ത്യൻ സ്കൂളിൽ നിറപ്പകിട്ടാർന്ന പഞ്ചാബി ദിവസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ സ്കൂളിൽ ഈ വർഷത്തെ പഞ്ചാബി ദിവസ് നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. പഞ്ചാബിന്റെ സമ്പന്നമായ ഭാഷാ പൈതൃകം, പാരമ്പര്യങ്ങൾ, കലാപരമായ ഊർജസ്വലത എന്നിവ പ്രദർശിപ്പിച്ചായിരുന്നു ആഘോഷം. പഞ്ചാബി ഭാഷാ വകുപ്പ് സംഘടിപ്പിച്ച ഈ ആഘോഷം ഇസ ടൗണിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ അവിസ്മരണീയമായ സാംസ്കാരിക അനുഭവമായി. സ്കൂൾ ഭരണസമിതി അംഗം - ട്രാൻസ്പോർട്ട് മുഹമ്മദ് നയാസ് ഉല്ല ദീപം തെളിയിച്ചു. പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് ഗോവിന്ദൻ നായർ, സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ റെജി വർഗീസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ആക്ടിവിറ്റി പ്രധാനാധ്യാപികമാരായ ശ്രീകല നായർ, സലോണ പയസ്, വകുപ്പ് മേധാവികൾ എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ഷാഹിദ് ഖമർ വിശുദ്ധ ഖുർആനിലെ വാക്യങ്ങൾ പാരായണം ചെയ്തു. ഹർസിമ്രാൻ കൗർ സ്വാഗത പ്രസംഗം നടത്തി; പത്താം ക്ലാസിലെ ഗ്ലോറിയ ഭല്ല മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു.
സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല പഞ്ചാബി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി വിദ്യാർഥികളുടെ ആവേശകരമായ പങ്കാളിത്തത്തെയും ആഘോഷം സംഘടിപ്പിക്കുന്നതിൽ അധ്യാപകരുടെയും ഹിന്ദി, പഞ്ചാബി വകുപ്പുകളുടെയും സമർപ്പിത ശ്രമങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. വകുപ്പ് മേധാവി ബാബു ഖാനും പഞ്ചാബി ഭാഷാ അധ്യാപിക സിമർജിത് കൗറും ചേർന്നാണ് പരിപാടി ഏകോപിപ്പിച്ചത്.
പരമ്പരാഗത പഞ്ചാബി ഗിദ്ദയുടെയും ഭാംഗ്രയുടെയും ഊർജസ്വലമായ പ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സാംസ്കാരിക വിഭാഗം ആഘോഷത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. താളാത്മക ചലനങ്ങൾ, വർണ്ണാഭമായ പരമ്പരാഗത വസ്ത്രങ്ങൾ, കലാകാരന്മാരുടെ നിറഞ്ഞ ആവേശം എന്നിവ ഹരം പകർന്നു. പഞ്ചാബി നാടോടി ഗാനങ്ങളും കവിതാ പാരായണങ്ങളും പരിപാടിയെ കൂടുതൽ സമ്പന്നമാക്കി; സംഗീതം, സാഹിത്യം, പ്രകടനം എന്നിവയിലൂടെ ഭാഷ അനുഭവിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകി. വിജയികൾക്ക് അവരുടെ നേട്ടങ്ങൾക്കുള്ള അംഗീകാരമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗുർലീൻ കൗർ നന്ദി പറഞ്ഞു.