ഗംഭീരമായ പരമ്പരാഗത ഓണസദ്യയോടെ ഇന്ത്യൻ ക്ലബ് ഓണാഘോഷം സമാപിച്ചു

മനാമ: ഏകദേശം 3,000 പേർക്ക് വിളമ്പിയ വിപുലമായ പരമ്പരാഗത ഓണസദ്യയോടെ, ഇന്ത്യൻ ക്ലബ്ബിന്റെ 'ആവണി 2026' ഓണാഘോഷ പരിപാടികൾ സമാപിച്ചു. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ ഒൻപതു വരെ ക്ലബ്ബ് അങ്കണത്തിൽ നടന്ന ആഘോഷങ്ങളുടെ സമാപനം കുറിച്ച്, തനത് രുചിക്കൂട്ടുകളോടെ തയ്യാറാക്കിയ മഹാവിരുന്ന് ഏവരെയും ആകർഷിച്ചു. പ്രശസ്തനായ സദ്യ വിദഗ്ധൻ ജയൻ സുകുമാരപിള്ളയുടെ നേതൃത്വത്തിൽ ക്ലബ്ബ് അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ സദ്യയിൽ 29 തരം പരമ്പരാഗത വിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ക്ലബ്ബ് അംഗങ്ങൾക്കും അതിഥികൾക്കും വാഴയിലയിൽ പരമ്പരാഗത രീതിയിലാണ് സദ്യ വിളമ്പിയത്.
പരമ്പരാഗത വസ്ത്രധാരണത്തിൽ എത്തിയ ക്ലബ്ബ് അംഗങ്ങളും സന്നദ്ധപ്രവർത്തകരും അടങ്ങുന്ന വലിയൊരു സംഘം, വൻ ജനക്കൂട്ടത്തിന് സദ്യ വിളമ്പുന്നതിനും ഭക്ഷണക്രമീകരണങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിനും രാപ്പകൽ ഭേദമന്യേ അക്ഷീണം പ്രയത്‌നിച്ചു. വൈവിധ്യമാർന്ന മത്സരങ്ങളും ഊർജസ്വലമായ കലാപരിപാടികളും ഉൾക്കൊള്ളിച്ച് സാംസ്‌കാരിക ആഘോഷങ്ങളുടെ വലിയൊരു സംഗമവേദിയായി 'ആവണി 2026' മാറി.
'പാട്ട് ഫാമിലി'യിലെ പ്രശസ്തരായ കലാകാരന്മാരും ഷഹീർ മൊയ്ദു പൂളക്കത്തും നയിച്ച മെഗാ മ്യൂസിക്കൽ ഷോ നടന്നു. ആഘോഷപരിപാടി വൻ വിജയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച എല്ലാ സ്‌പോൺസർമാർക്കും ഇന്ത്യൻ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. പരിപാടി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിന് നിസ്വാർത്ഥമായ കഠിനാധ്വാനം കാഴ്ചവെച്ച മുഖ്യ കോഡിനേറ്റർമാർ, കോഡിനേറ്റിങ് ടീമുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരോടും കമ്മിറ്റി നന്ദി അറിയിച്ചു.
Content Highlights: Indian Club Bahrain concluded Avani 2026 Onam celebrations with a grand feast