സ്റ്റാർലിങ്കുമായി കരാർ; ഗൾഫ് എയറിന്റെ എല്ലാ വിമാനങ്ങളിലും വൈ-ഫൈ ലഭ്യമാക്കുന്നു

#അശോക് കുമാര്‍
ഗള്‍ഫ് എയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ട്ടിന്‍ ഗൗസും സ്റ്റാര്‍ലിങ്ക് ഏവിയേഷന്റെ ആഗോള തലവന്‍ നിക്ക് സീറ്റ്സും കരാറില്‍ ഒപ്പുവെക്കുന്നു
ഗള്‍ഫ് എയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ട്ടിന്‍ ഗൗസും സ്റ്റാര്‍ലിങ്ക് ഏവിയേഷന്റെ ആഗോള തലവന്‍ നിക്ക് സീറ്റ്സും കരാറില്‍ ഒപ്പുവെക്കുന്നു

മനാമ: ബഹ്റൈൻ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, 2026 പകുതിയോടെ തങ്ങളുടെ മുഴുവൻ വിമാനങ്ങളിലും സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു, വിമാനത്തിൽ കയറുന്ന നിമിഷം മുതൽ എത്തിച്ചേരുന്നതുവരെ യാത്രക്കാർക്ക് സൗജന്യ വൈ-ഫൈയാണ് വാഗ്ദാനം. യാത്രാനുഭവത്തിൽ പ്രകടമായ മാറ്റം വരുത്തുന്നതിനുള്ള ഒരു ഗുണപരമായ ചുവടുവയ്പ്പാണിത്. ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ ഖാലിദ് ഹുസൈൻ തഖിയുടെയും നിരവധി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും വ്യോമയാന മേഖല പ്രതിനിധികളുടെയും സാന്നിധ്യത്തിൽ, ഗൾഫ് എയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർട്ടിൻ ഗൗസും സ്റ്റാർലിങ്ക് ഏവിയേഷന്റെ ആഗോള തലവൻ നിക്ക് സീറ്റ്സും കരാറിൽ ഒപ്പുവച്ചു.

'ഗൾഫ് എയറിന്റെ ഫ്‌ലീറ്റിലുടനീളം സ്റ്റാർലിങ്ക് അവതരിപ്പിക്കുന്നത് യാത്രാ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുന്നു,' തഖി പറഞ്ഞു. 'ഓരോ വിമാനത്തിലും വിപുലമായ കണക്റ്റിവിറ്റി ദേശീയ വിമാനക്കമ്പനിയിൽ നിന്ന് യാത്രക്കാർക്ക് പ്രതീക്ഷിക്കാം. ഇത് ബഹ്റൈന്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും തടസ്സമില്ലാത്തതും അസാധാരണവുമായ സേവനം നൽകാൻ ക്യാബിൻ ക്രൂവിനെ പ്രാപ്തരാക്കുകയും ചെയ്യുന്നു.'

'സ്റ്റാർലിങ്ക് ഉൾപ്പെട്ടതോടെ, വിനോദത്തിനോ ബിസിനസ്സിനോ വേണ്ടി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഗൾഫ് എയർ അടുത്ത തലമുറ ഇൻ-ഫ്‌ലൈറ്റ് കണക്റ്റിവിറ്റി കൊണ്ടുവരും. വിമാനത്തിൽ കയറുന്നത് മുതൽ എത്തിച്ചേരുന്നത് വരെ, ഉപഭോക്താക്കൾക്ക് ക്യാബിൻ അല്ലെങ്കിൽ ടിക്കറ്റ് തരം പരിഗണിക്കാതെ സ്ട്രീം ചെയ്യാനും, ഗെയിം കളിക്കാനും, ജോലി ചെയ്യാനും, പ്രിയപ്പെട്ടവരുമായി ബന്ധം പുലർത്താനും കഴിയും. ഇത് മുഴുവൻ യാത്രാനുഭവത്തെയും നവീകരിക്കുകയും ഓരോ യാത്രയ്ക്കും പ്രീമിയം, തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകും.

സ്റ്റാർലിങ്ക് ഘടിപ്പിച്ച ആദ്യത്തെ ഗൾഫ് എയർ എ320 വിമാനം 2026 മധ്യത്തോടെ സർവീസിൽ പ്രവേശിക്കും, തുടർന്ന് ബാക്കിയുള്ള ഫ്‌ലീറ്റുകളിലുടനീളം സിസ്റ്റം വ്യാപിപ്പിക്കും. ഈ സംരംഭം ഗൾഫ് എയറിന്റെ പ്രവർത്തന മുൻഗണനകളെ ശക്തിപ്പെടുത്തുകയും, നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഭാവിയിലേക്കുള്ള ഒരു മുൻനിര വ്യോമയാന കേന്ദ്രമായി ബഹ്റൈൻ രാജ്യത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Gulf Air partners with Starlink to provide free, high-speed in-flight Wi-Fi across its entire fleet by mid-2026. Experience seamless connectivity from takeoff to landing.