ഗൾഫ് എയർ ഗ്രൂപ്പും നാസർ സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

മനാമ: ബഹ്‌റൈനിലെ ഏവിയേഷൻ മേഖലയിൽ അടുത്ത തലമുറ സാങ്കേതിക വിദഗ്ധരെ സജ്ജരാക്കുന്നതിനുള്ള അപ്രന്റീസ്ഷിപ്പ് പദ്ധതിക്കായി ഗൾഫ് എയർ ഗ്രൂപ്പും നാസർ സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. എൻ.സി.എസ്.ടി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. അബ്ദുള്ള ബിൻ നാസർ അൽ നുഐമിയും ഗൾഫ് എയർ ഗ്രൂപ്പ് ചീഫ് പീപ്പിൾ ഓഫീസർ മുഹമ്മദ് മാസൻ മതറും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.

രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള ആദ്യ സഹകരണ പദ്ധതിയാണിത്. ഇതിലൂടെ 40 ബഹ്‌റൈനി പരിശീലനാർത്ഥികൾക്ക് പഠനവും പ്രായോഗിക തൊഴിൽ പരിശീലനവും ഒരുമിച്ച് ലഭിക്കും.

മൂന്ന് വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ NCST-യിലെ അക്കാദമിക് പഠനത്തിനൊപ്പം ഗൾഫ് എയറിലും ബഹ്‌റൈൻ എയർപോർട്ട് കമ്പനിയിലുമായി പ്രായോഗിക പരിശീലനവും ലഭിക്കും.

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള യോഗ്യതകളും ഏവിയേഷൻ മേഖലയിൽ പ്രായോഗിക പരിചയവും ലഭിക്കും.

സ്വദേശി യുവാക്കൾക്ക് വ്യോമയാന മേഖലയിൽ അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് സാങ്കേതിക നൈപുണ്യമുള്ള ബഹ്‌റൈനി പ്രതിഭകളെ വാർത്തെടുക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

ദേശീയ പ്രതിഭാ വികസനത്തിനും രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങൾക്കും പിന്തുണ നൽകുന്നതാണ് ഈ തന്ത്രപ്രധാന പങ്കാളിത്തമെന്ന് അധികൃതർ വ്യക്തമാക്കി.