മലേഷ്യയിൽ നടന്ന ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീയിൽ ഗൾഫ് എയറിന്റെ 'ഫ്‌ലൈ-പാസ്റ്റ്

#അശോക് കുമാര്‍
ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ യിലെ ഗള്‍ഫ് എയറിന്റെ 'ഫ്‌ലൈ-പാസ്റ്റ്'
ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ യിലെ ഗള്‍ഫ് എയറിന്റെ 'ഫ്‌ലൈ-പാസ്റ്റ്'

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, മലേഷ്യയിലെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന 'ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രി 2026'-ൽ പ്രത്യേക 'ഫ്‌ലൈ-പാസ്റ്റ്' (വിമാനങ്ങളുടെ ആകാശപ്രകടനം) നടത്തി. സ്വന്തം രാജ്യത്തിന് പുറത്ത് ഒരു ഫോർമുല വൺ റേസിനിടെ വിമാനക്കമ്പനി ഇത്തരമൊരു പ്രകടനം നടത്തുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. റേസ് വാരാന്ത്യത്തിന്റെ തുടക്കത്തിൽ പ്രഖ്യാപിക്കപ്പെട്ട ഈ ഫ്‌ലൈ-പാസ്റ്റ്, ബഹ്റൈന്റെ പ്രധാന കായിക ഇനം രാജ്യത്തിന് പുറത്ത് ആദ്യമായി നടന്നപ്പോൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളിലൊന്നായി മാറി. രണ്ട് പതിറ്റാണ്ടിലേറെയായി, സ്വന്തം നാട്ടിൽ നടക്കുന്ന ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രി തുടക്കം കുറിക്കുന്നത് സ്റ്റാർട്ടിങ് ഗ്രിഡിന് മുകളിലൂടെയുള്ള ഗൾഫ് എയർ വിമാനത്തിന്റെ സാന്നിധ്യമാണ്. ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കും അന്താരാഷ്ട്ര മാധ്യമങ്ങൾക്കും സന്ദർശകർക്കും മുന്നിൽ സെപാങ് സർക്യൂട്ടിന് മുകളിൽ ആ കാഴ്ച കാണാനായത്.

ദേശീയ അഭിമാനത്തിന്റെയും ആഗോള കായിക രംഗത്ത് ബഹ്റൈനുള്ള സ്ഥാനത്തിന്റെയും ശക്തമായ അടയാളമായി ഇത് മാറി. ഗൾഫ് എയറിന്റെ ബോയിങ് 787 വിമാനം ഉപയോഗിച്ച് നടത്തിയ ഫ്‌ലൈ-പാസ്റ്റ്, കമ്പനിയുടെ ഫ്‌ലൈറ്റ് ഓപ്പറേഷൻസ്, എഞ്ചിനീയറിങ് വിഭാഗങ്ങളുടെ മികച്ച കഴിവും പ്രൊഫഷണലിസവും എടുത്തുകാട്ടി. ഏവിയേഷൻ മേഖലയും ഫോർമുല 1 റേസിംഗും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന അച്ചടക്കം, കൃത്യത, മികവിനായുള്ള പരിശ്രമം എന്നിവ പ്രകടനത്തിലും പ്രതിഫലിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കാഴ്ചക്കാർക്കായി സംപ്രേഷണം ചെയ്യുകയും സർക്യൂട്ടിലെ ഒരു ലക്ഷത്തിലധികം കാണികൾ നേരിട്ട് കാണുകയും ചെയ്ത ഫ്‌ലൈ-പാസ്റ്റ്, ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിക്കുന്ന കായിക ഇനങ്ങളിലൊന്നിൽ ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയെയും രാജ്യത്തെയും തന്നെ പ്രധാന സ്ഥാനത്ത് പ്രതിഷ്ഠിച്ചു.

'വർഷങ്ങളായി 'ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ' മത്സരത്തിന് തുടക്കം കുറിക്കുന്നത് ഞങ്ങളുടെ ഫ്‌ലൈ-പാസ്റ്റി(വിമാനങ്ങളുടെ ആകാശപ്രകടനം) ലൂടെയാണ്. ഞങ്ങളുടെയും രാജ്യത്തിന്റെയും പേര് വഹിക്കുന്ന ഒരു മത്സരത്തിൽ, മറ്റൊരു രാജ്യത്തിന് മുകളിൽ ആദ്യമായി ഈ പ്രകടനം കാഴ്ചവെക്കുന്നത് ഗൾഫ് എയറിലെ എല്ലാവർക്കും അഭിമാനകരമായ നിമിഷമാണ്. ഇതൊരു വ്യോമയാന പ്രദർശനം എന്നതിലുപരി, ബഹ്റൈനെ ലോകവുമായി ബന്ധിപ്പിക്കുന്ന ഒരു ദേശീയ അംബാസഡർ എന്ന നിലയിലുള്ള ഞങ്ങളുടെ പങ്കിനെ പ്രതിഫലിപ്പിക്കുകയും, അന്താരാഷ്ട്ര വേദിയിൽ ബഹ്റൈന്റെ മികവ് പ്രകടമാക്കുകയും ചെയ്യുന്നു', ഗൾഫ് എയർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർട്ടിൻ ഗൗസ് അഭിപ്രായപ്പെട്ടു.

സുസ്ഥിരതയോടുള്ള ഗൾഫ് എയറിന്റെ പ്രതിബദ്ധതയുടെ ഭാഗമായി, വ്യോമയാന മേഖലയിലെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള (ഡീകാർബണൈസേഷൻ) വിപുലമായ ശ്രമങ്ങളുടെ ഭാഗമായി 'സസ്‌റ്റൈനബിൾ ഏവിയേഷൻ ഫ്യൂവൽ' ബുക്ക്- ആൻഡ്- ക്ലെയിം' രീതിയിൽ വാങ്ങിയാണ് പ്രവർത്തനത്തിന് പിന്തുണ നൽകിയത്. പ്രവർത്തനപരമായ മികവും ദീർഘകാല സുസ്ഥിരതാ ലക്ഷ്യങ്ങളും തമ്മിൽ സന്തുലിതമായി മുന്നോട്ട് പോകാനുള്ള ഗൾഫ് എയറിന്റെ ദൃഢനിശ്ചയത്തെ സംരംഭം എടുത്തുകാണിക്കുന്നു. ബഹ്റൈനും ക്വാലാലംപൂറും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ നടന്ന പരിപാടി, വിജയകരമായ ഒരു റേസ് വാരാന്ത്യത്തിന് മാറ്റുകൂട്ടുന്നതായി. 'ഗൾഫ് എയർ ഫാൻ സോണിൽ' 35,000-ത്തിലധികം സന്ദർശകരെ സ്വീകരിക്കാനും, 'ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ' അനുബന്ധമായുള്ള ആതിഥേയത്വത്തിലൂടെയും പ്രചാരണ പരിപാടികളിലൂടെയും അന്താരാഷ്ട്ര കാണികളുമായി സംവദിക്കാനും ഗൾഫ് എയറിന് സാധിച്ചു.

Content Highlights: Gulf Air executed a historic fly-past at the Formula One Gulf Air Bahrain Grand Prix 2026 held at Sepang International Circuit, Malaysia.