മനുഷ്യന്റെ താത്പര്യങ്ങളെ നിയന്ത്രിക്കാന്‍ പഠിക്കുകയെന്നതാണ് നോമ്പിന്റെ താത്പര്യം- ടി. മുഹമ്മദ്

മനാമ: മനുഷ്യന്റെ ഭൗതിക- ശാരീരിക താത്പര്യങ്ങളെ കടിഞ്ഞാണിട്ട് നിര്‍ത്താന്‍ പഠിക്കുക എന്നതാണ് നോമ്പിന്റെ താത്പര്യമെന്ന് പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ടി. മുഹമ്മദ് വേളം പറഞ്ഞു. ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ മുഹറഖ് ഏരിയ, ദിശാ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങളാണ് ഭക്ഷണവും വെള്ളവും ലൈംഗികതയും. നോമ്പുകാരന്‍ ചെയ്യുന്നത് ഈ മൂന്ന് കാര്യങ്ങളെയും ദൈവത്തിന്റെ അരുളപ്പാടനുസരിച്ച് തടഞ്ഞു നിര്‍ത്തുക എന്നതാണ്. ദൈവിക നിര്‍ദേശമനുസരിച്ച് മനുഷ്യന്റെ ഏത് ആവശ്യത്തെയും നിയന്ത്രിക്കാന്‍ പഠിപ്പിക്കുകയാണ് നോമ്പിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അബദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഏരിയാ പ്രസിഡന്റ് റഊഫ് കണ്ണൂര്‍ സ്വാഗതം പറഞ്ഞു. നൗഷാദ് മീത്തല്‍, ഷക്കീബ്, സിറാജ്, അബ്ദുല്‍ ഖാദര്‍, അലി അല്‍താഫ്, അന്‍സാര്‍, സമീറ നൗഷാദ്, ഹെബ ഷക്കീബ്, നാസിയ ഗഫാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Content Highlights: friends association Bahrain ifhtar meet