70-ാം വാർഷികാഘോഷത്തിന് ' ഐ.എൽ.എ. പ്ലാറ്റിനം ദാണ്ടിയ ബീറ്റ്സ് 2026'

ഐ.എല്‍.എ. പ്ലാറ്റിനം ദാണ്ടിയ ബീറ്റ്സ്
ഐ.എല്‍.എ. പ്ലാറ്റിനം ദാണ്ടിയ ബീറ്റ്സ്

മനാമ :ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) ബഹ്റൈൻ, തങ്ങളുടെ സേവനത്തിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ സംസ്‌കാരം, സംഗീതം, സാമൂഹിക ഐക്യം എന്നിവയുടെ വലിയ ആഘോഷമായ ' ഐ.എൽ.ഏ. പ്ലാറ്റിനം ദാണ്ടിയ ബീറ്റ്സ് 2026' സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ ഒന്നിന് രാത്രി എട്ടുമുതൽ ബഹ്റൈനിലെ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്. ബഹ്റൈനിലെ ജനപ്രിയ സാമൂഹിക ആഘോഷങ്ങളിലൊന്നായ ഐ.എൽ.എ ദാണ്ടിയ ബീറ്റ്സ്, പരമ്പരാഗത ഗർബ, ദാണ്ടിയ നൃത്തങ്ങൾ, സംഗീതം, വിനോദം എന്നിവ ആസ്വദിക്കാനായി കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒന്നിപ്പിക്കുന്നു.

'സ്വന്തം താൽപ്പര്യത്തേക്കാൾ ഉപരിയായി സേവനം' എന്ന തങ്ങളുടെ ആപ്തവാക്യവുമായി ഏഴ് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്നതിനാൽ ഈ വർഷത്തെ ആഘോഷം ഏറെ സവിശേഷമാണ്. 1956-ൽ സ്ഥാപിതമായ ഐ.എൽ.ഏ., കുട്ടികൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, കുറഞ്ഞ വരുമാനമുള്ള വിഭാഗങ്ങൾ എന്നിവർക്കായി ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നതിൽ ദീർഘകാല പാരമ്പര്യമുള്ള സംഘടനയാണ്.

പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, തെറാപ്പി, പരിചരണം, ജീവിത നൈപുണ്യ വികസനം എന്നിവ നൽകുന്ന സംഘടനയുടെ പ്രധാന പദ്ധതിയായ 'സ്‌നേഹ റിക്കരിയേഷൻ സെന്റർ' ഉൾപ്പെടെയുള്ള ഐ.എൽ.ഏ. യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഈ പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം വിനിയോഗിക്കും.

സാധാരണയായി 2000-ത്തിലധികം ആളുകളെ ആകർഷിക്കാറുള്ള ഐ.എൽ.ഏ. ദാണ്ടിയയുടെ 2026-ലെ പതിപ്പ്, സംസ്‌കാരത്തിന്റെയും ഒത്തൊരുമയുടെയും സേവനമനോഭാവത്തിന്റെയും ഊർജ്ജസ്വലമായ ആഘോഷമായിരിക്കും.

പരിപാടിയിൽ നിന്നുള്ള മുഴുവൻ വരുമാനവും അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു

Content Highlights: Indian Ladies Association (ILA) Bahrain is celebrating its 70th anniversary with Platinum Dandiya Beats 2026., The event takes place on October 1, 2026, at the Crowne Plaza Convention Centre, Bahrain., Proceeds from the event support charitable initiatives, including the Sneha Recreation Centre for special children., The celebration features traditional Garba and Dandiya dances, music, and brings over 2,000 attendees together.