ബഹ്റൈൻ പ്രതിഭ ഓണാഘോഷം സംഘടിപ്പിച്ചു

മനാമ :പ്രവാസി മലയാളികൾക്ക് നാടിന്റെ ഗൃഹാതുരത്വവും ഓണപ്പെരുമയും പകർന്നു നൽകി ബഹ്റൈൻ പ്രതിഭ റിഫ മേഖലയുടെ നേതൃത്വത്തിൽ 'ഓണവിരുന്ന് ' ബഹുമുഖ ആഘോഷ പരിപാടികളോടെ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. അധാരി പാർക്ക് പാർട്ടി ഹാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ നാടൻ വിഭവങ്ങൾ നിരന്ന വിപുലമായ ഓണസദ്യയായിരുന്നു പ്രധാന ആകർഷണം. ബഹ്റൈനിലെ സാമൂഹിക, സാംസ്‌കാരിക, കലാ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ഉൾപ്പെടെ 1600-ഓളം പ്രവാസികളാണ് ഗൃഹാതുരത്വം ഉണർത്തിയ സദ്യയിൽ പങ്കുചേർന്നത്.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തുടക്കമിട്ട ആഘോഷ പരിപാടികളിൽ മേഖല 'സ്വരലയ'യുടെ നേതൃത്വത്തിൽ നടത്തി വരുന്ന 'പാടിയും പറഞ്ഞും' പരിപാടിയുടെ നാലാം എപ്പിസോഡും വേദിയിൽ അരങ്ങേറി. ഫ്‌ലൂട്ട് ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഗാനമേള, ആകർഷകമായ നൃത്തങ്ങൾ, വിവിധതരം ഗെയിമുകൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. റേഡിയോ സുനോ ടീമിന്റെ സാന്നിധ്യവും 'ഷോ യുവർ ടാലന്റ്' പ്രോഗ്രാമിന്റെ ഭാഗമായി കാണികളിൽ നിന്ന് തിരഞ്ഞെടുത്തവർ അണിനിരന്ന പരിപാടിയും, 'പാട്ടുറുമാൽ' വിജയികളുടെ പ്രകടനവും ഓണാഘോഷത്തെ ജനകീയമാക്കി. പ്രത്യേകമായി ഒരുക്കിയ ഫോട്ടോ കോർണറും മാവേലിയുടെ സാന്നിധ്യവും പങ്കെടുക്കാൻ എത്തിയവർക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി സുലേഷ് വി. കെ., പ്രസിഡന്റ് മഹേഷ് കെ. വി., രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ, പി.ശ്രീജിത്ത്, എൻ കെ വീരമണി, ലിവിൻ കുമാർ, കേരള സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ട്രഷറർ വർഗീസ് ജോർജ്ജ്, സാഹിത്യ വിഭാഗം സെക്രട്ടറി ബിനു കരുണാകരൻ, നവ കേരള കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, നവകേരള പ്രസിഡന്റ് രാജ്കൃഷ്ണൻ, എൻ.എസ്.എസ്. പ്രസിഡന്റ് രാജേഷ് നമ്പ്യാർ, സെക്രട്ടറി ബിന്ദു ആർ നായർ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ, സെക്രട്ടറി ബിനുരാജ് രാജൻ, ഒഐസിസി നേതാക്കളായ ബിനു കുന്നന്താനം, ഗഫൂർ ഉണ്ണിക്കുളം തുടങ്ങിയവരും പ്രതിഭയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിവിധ മാധ്യമ പ്രതിനിധികളും പങ്കെടുത്തു സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
ഓണവിരുന്ന് സംഘാടക സമിതി ചെയർമാൻ ഷിജു പിണറായി, ജനറൽ കൺവീനർ ജയേഷ് വി. കെ., പ്രതിഭ റിഫ മേഖല സെക്രട്ടറി ബാബു വി. ടി., മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ്, മേഖല രക്ഷാധികാരി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി അംഗങ്ങളും മേഖല, യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമാണ് സദ്യ തയാറാക്കുന്നതടക്കമുള്ള പരിപാടികൾ ഏകോപിപ്പിച്ചത്.
Content Highlights: Bahrain Prathibha Riffa Zone organized 'Onavirus' Onam celebrations., Over 1,600 expats participated in the traditional Onasadya at Adhari Park., Cultural programs included chendamelam, musical concerts, dance performances, and 'Paadiyum Paranjum' episode 4.