അലുമിനിയം ഡൗൺസ്ട്രീം യൂണിറ്റിനായി പി.ജി. ഫോയിൽസുമായി ‘ലെറ്റർ ഓഫ് ഇന്റന്റ്’ ഒപ്പുവെച്ച് ബഹ്റൈൻ

മനാമ : നവംബർ 1, 2 തീയതികളിൽ ‘ഫോർ സീസൺസ് ഹോട്ടൽ ബഹ്റൈൻ ബേ’യിൽ നടന്ന ‘ഗേറ്റ്വേ ഗൾഫ്’ സമ്മേളനത്തിന്റെ നാലാം പതിപ്പിനിടെ ബഹ്റൈൻ വ്യവസായ-വാണിജ്യ മന്ത്രാലയം ‘പി.ജി. ഫോയിൽസ് ലിമിറ്റഡു’മായി ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പുവെച്ചു. ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് ആതിഥേയത്വം വഹിച്ച സമ്മേളനം ‘ആഗോള പങ്കാളിത്തങ്ങളെ പുനർനിർവചിക്കുക, സുസ്ഥിര വളർച്ചയ്ക്ക് ഊർജം പകരുക’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചത്.
വ്യവസായ-വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ അദെൽ ഫക്രോയും പി.ജി. ഫോയിൽസ് ലിമിറ്റഡിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടർ സാഹിൽ ഷായും ചേർന്നാണ് രേഖയിൽ ഒപ്പുവെച്ചത്. ഇലക്ട്രിക് വാഹന ബാറ്ററി ഫോയിലുകൾക്കും ഫാർമസ്യൂട്ടിക്കൽ ഫോയിലുകൾക്കും പ്രാധാന്യം നൽകുന്ന അലുമിനിയം ഡൗൺസ്ട്രീം യൂണിറ്റ് ബഹ്റൈനിൽ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കരാർ ഒപ്പുവെച്ചതോടെ ബഹ്റൈന്റെ ഉൽപ്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിനും വ്യാവസായിക ശേഷി വികസിപ്പിക്കുന്നതിനുമുള്ള മറ്റൊരു ചുവടുവെപ്പായി. അന്താരാഷ്ട്ര നിർമാതാക്കളിൽനിന്ന് നിക്ഷേപം ആകർഷിക്കുകയും പുതിയ വ്യാവസായിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത് വൈവിധ്യവൽക്കരിക്കപ്പെട്ടതും മത്സരാധിഷ്ഠിതവുമായ വ്യാവസായിക അടിത്തറ കെട്ടിപ്പടുക്കാനാണ് ബഹ്റൈൻ ലക്ഷ്യമിടുന്നത്.
നിക്ഷേപകർക്ക് ആകർഷകമായ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ നീക്കമെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Content Highlights: Bahrain’s Ministry of Industry and Commerce signs a letter of intent with PG Foils to explore establishing an aluminium downstream unit focused on EV battery and pharmaceutical foils.