റഷ്യൻ വിദേശകാര്യ മന്ത്രിയെ സ്വീകരിച്ച് ബഹ്റൈൻ രാജാവ്

മനാമ: ഗൾഫ് സഹകരണ കൗൺസിലും റഷ്യയും തമ്മിലുള്ള 'സ്ട്രാറ്റജിക് ഡയലോഗി'ന്റെ സംയുക്ത മന്ത്രിതല യോഗത്തിൽ പങ്കെടുക്കുന്നതിനായി ബഹ്റൈനിലെത്തിയ റഷ്യൻ ഫെഡറേഷൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു. റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അഭിവാദ്യങ്ങൾ മന്ത്രി ലാവ്റോവ് ഹമദ് രാജാവിനെ അറിയിച്ചു. ഹമദ് രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈനും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കാനാകട്ടെ എന്ന് പ്രസിഡന്റ് പുടിൻ ആശംസിച്ചു. പ്രസിഡന്റ് പുടിനും റഷ്യൻ ജനതയ്ക്കും തുടർപുരോഗതിയും സമൃദ്ധിയും നേരുന്നതായി ഹമദ് രാജാവും തിരിച്ചും ആശംസിച്ചു.
ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും
വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും രാജാവ് അവലോകനം ചെയ്തു. ബഹ്റൈനും റഷ്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെയും സൗഹൃദത്തെയും കുറിച്ച് പരാമർശിച്ച രാജാവ്, ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ഈ ബന്ധം കൂടുതൽ ദൃഢമാക്കാനും എല്ലാ മേഖലകളിലും സഹകരണം വിപുലീകരിക്കാനുമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത എടുത്തുപറഞ്ഞു.
പരസ്പര ബഹുമാനത്തിലും ഏകോപനത്തിലും അധിഷ്ഠിതമായ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഷ്യൻ പ്രസിഡന്റ് വഹിച്ച സുപ്രധാന പങ്കിനെ രാജാവ് അഭിനന്ദിച്ചു. ബഹ്റൈനു നേരെ അടുത്തിടെ ഇറാനിൽ നിന്നുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, റഷ്യ സ്വീകരിച്ച നിലപാടിനെയും പ്രസിഡന്റ് പുടിൻ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തെയും രാജാവ് പ്രത്യേകം എടുത്തുപറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ റഷ്യ വഹിക്കുന്ന പങ്കിനെയും, ആഗോള സുരക്ഷയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള റഷ്യയുടെ പ്രതിബദ്ധതയെയും രാജാവ് പ്രശംസിച്ചു.
ഗൾഫ് സഹകരണ കൗൺസിലും റഷ്യയും തമ്മിലുള്ള 'സ്ട്രാറ്റജിക് ഡയലോഗി'ന്റെ സംയുക്ത മന്ത്രിതല യോഗം, ഇരുപക്ഷത്തിനും ഗുണകരമാകുന്ന രീതിയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിൽ വിജയിക്കട്ടെ എന്ന് രാജാവ് ആശംസിച്ചു. പ്രധാനപ്പെട്ട പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടന്നു. മേഖലയിലെ രാജ്യങ്ങൾക്കും ജനങ്ങൾക്കും പ്രയോജനകരമാകും വിധം സുരക്ഷയും സ്ഥിരതയും സമാധാനവും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ചും ആശയവിനിമയം നടത്തി.
പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും, ജലപാതകളുടെയും വ്യാപാര പാതകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും തുടർച്ചയായ ഏകോപനം അനിവാര്യമാണെന്ന് യോഗം ഊന്നിപ്പറഞ്ഞു. ഉഭയകക്ഷി ബന്ധം പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനുമായി രാജാവ് നടത്തുന്ന നിരന്തരമായ ശ്രമങ്ങളെയും പ്രതിബദ്ധതയെയും മന്ത്രി ലാവ്റോവ് അഭിനന്ദിച്ചു.
Content Highlights: Bahraini King Hamad bin Isa Al Khalifa received Russian Foreign Minister Sergei Lavrov in Manama., Discussions focused on strengthening bilateral ties and GCC-Russia strategic dialogue., King Hamad praised Russia's solidarity and stance regarding recent regional security concerns., Both nations emphasized the importance of ensuring regional security, stability, and trade route safety.