അലുമിനിയം ബഹ്റൈൻ സന്ദർശിച്ച് ഡെപ്യൂട്ടി കിങ്

#ന്യൂസ് ഡെസ്ക്

മനാമ: ബഹ്റൈനിലെ ഡെപ്യൂട്ടി കിങ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അലുമിനിയം ബഹ്റൈൻ (അൽബ) സന്ദർശിച്ചു. അൽബയിലെ സ്വദേശി ജീവനക്കാർക്ക് കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ആശംസകളും അഭിനന്ദനങ്ങളും അദ്ദേഹം കൈമാറി.

ബഹ്റൈനെതിരായ ഇറാന്റെ ശത്രുതാപരമായ നടപടികൾക്കിടയിലും ഉത്പാദനം നിലനിർത്തുന്നതിലും ആഗോള വ്യവസായ രംഗത്ത് അൽബയുടെ മത്സരക്ഷമത കാത്തുസൂക്ഷിക്കുന്നതിലും അൽബയിലെ സ്വദേശി ജീവനക്കാർ കാട്ടിയ അർപ്പണബോധത്തെ അദ്ദേഹം പ്രശംസിച്ചു.

1971-ൽ സ്ഥാപിതമായ അൽബ, ബഹ്റൈനിലെ സ്വദേശി തൊഴിലാളികളുടെ കഴിവിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്ന് ഡെപ്യൂട്ടി കിങ് ചൂണ്ടിക്കാട്ടി. ഈ ദേശീയ വ്യവസായ സംരംഭം 55 വർഷമായി തടസ്സമില്ലാതെ ഉത്പാദനം തുടരുന്നുണ്ടെന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. അലുമിനിയം വ്യവസായത്തിൽ അൽബയ്ക്കുള്ള ആഗോളതലത്തിലെ മുൻനിര സ്ഥാനത്തെയും രാജ്യത്തിന്റെ സമഗ്ര വികസനത്തിൽ കമ്പനി നൽകുന്ന സംഭാവനകളെയും പ്രിൻസ് സൽമാൻ അഭിനന്ദിച്ചു.

കമ്പനിയുടെ ഉത്പാദന വിഭാഗങ്ങളിലെ പ്രവർത്തന പുരോഗതിയും നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളും അദ്ദേഹം വിലയിരുത്തി. 'അൽബ' ചെയർമാൻ, ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങൾ, സ്വദേശി ജീവനക്കാർ എന്നിവരെ അദ്ദേഹം നേരിൽ കണ്ടു. ആൽബ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയതിന് അൽബ ചെയർമാൻ ഖാലിദ് അൽ റുമൈഹി ഡെപ്യൂട്ടി കിങിന് നന്ദി അറിയിച്ചു. നിരവധി ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Content Highlights: Bahrain Deputy King Prince Salman visited Aluminium Bahrain (Alba)., Praised local employees for maintaining production despite regional challenges from Iran., Highlighted Alba's 55 years of continuous operation since its establishment in 1971., Evaluated ongoing development projects and production progress during the visit.