ബഹ്റൈൻ കിരീടാവകാശി യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. യുഎഇയിലേക്കുള്ള തന്റെ സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഈ കൂടിക്കാഴ്ച നടത്തിയത്. ബഹ്റൈൻ രാജ്യവും യുഎഇയും തമ്മിലുള്ള ദീർഘകാലവും തന്ത്രപരവുമായ ബന്ധത്തെക്കുറിച്ച് കിരീടാവകാശി എടുത്തുപറഞ്ഞു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ഉറച്ച പിന്തുണയോടെ, വിവിധ തലങ്ങളിൽ നിലനിൽക്കുന്ന ശക്തമായ തന്ത്രപരമായ ഏകോപനത്തെയാണ് ഈ ബന്ധം പ്രതിഫലിപ്പിക്കുന്നത്.

രണ്ട് രാജ്യങ്ങളെയും അവയുടെ നേതൃത്വങ്ങളെയും ജനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന, ചരിത്രപരമായ ആഴമുള്ള ബന്ധത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യം, സഹകരണം, പങ്കിട്ട പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമായ ദീർഘകാല ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്.

ബഹ്റൈൻ രാജാവിന്റെ അഭിവാദ്യങ്ങൾ അദ്ദേഹം യുഎഇ പ്രസിഡന്റിനെ അറിയിച്ചു; ഒപ്പം യുഎഇക്കും അവിടുത്തെ ജനങ്ങൾക്കും തുടർന്നും പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് രാജാവിന്റെ ആശംസകളും കൈമാറി. തിരിച്ചും, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, ബഹ്റൈൻ രാജാവിന് തന്റെ അഭിവാദ്യങ്ങൾ അറിയിക്കുകയും, ബഹ്റൈനും അവിടുത്തെ ജനങ്ങൾക്കും തുടർന്നും സമൃദ്ധിയും പുരോഗതിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ബഹ്റൈൻ-യുഎഇ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് നടത്തുന്ന ശ്രമങ്ങളെ കിരീടാവകാശി അഭിനന്ദിച്ചു. ബഹ്റൈൻ രാജ്യത്തിന് യുഎഇ നൽകിവരുന്ന ദീർഘകാല പിന്തുണയ്ക്കും വിവിധ മേഖലകളിലെ സഹകരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ കരുത്തും, പരസ്പര ബഹുമാനത്തിലും സഹകരണത്തിലും അധിഷ്ഠിതമായ ഉറച്ച അടിത്തറയുമാണ് ഈ നിലപാടുകൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള സംയുക്ത പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിലും, പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിലും യുഎഇ വഹിക്കുന്ന നിർണായക പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.

വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കി, യുഎഇയുമായുള്ള തന്ത്രപരമായ പങ്കാളിത്തവും ഉഭയകക്ഷി സഹകരണവും കൂടുതൽ വിപുലീകരിക്കാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെ സുസ്ഥിര വികസനത്തിനും വളർച്ചയ്ക്കും സമൃദ്ധിക്കും ഉതകുന്ന പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബഹ്റൈൻ മുൻഗണന നൽകുന്നു. ഉദാരമായ ആതിഥ്യമര്യാദയ്ക്കു കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നേതൃത്വത്തിൽ യു.എ.ഇയും അവിടുത്തെ ജനങ്ങളും തുടർന്നും പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

പ്രാദേശികവും അന്താരാഷ്ട്രവുമായ സംഭവവികാസങ്ങൾ ഉൾപ്പെടെ, പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. മേഖലയിലെ രാജ്യങ്ങൾക്കും ജനങ്ങൾക്കും പ്രയോജനകരമാകും വിധം സമാധാനവും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, അദേഹം യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്ന് ബഹ്റൈൻ രാജ്യത്തേക്ക് യാത്ര തിരിച്ചു. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇയിലെ ബഹ്റൈൻ അംബാസഡർ ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ എന്നിവർ ചേർന്ന് അദ്ദേഹത്തെ യാത്രയാക്കി.