തന്ത്രപരമായ പങ്കാളിത്തത്തിന് ബഹ്റൈൻ ബോഴ്സും തനാമിയും ധാരണാപത്രം ഒപ്പുവെച്ചു

മനാമ: ‘ഗേറ്റ്വേ ഗൾഫ് 2026’നോടനുബന്ധിച്ച് സ്വകാര്യ വിപണികളിലെ പ്രമുഖ പ്ലാറ്റ്ഫോമായ തനാമിയുമായി ബഹ്റൈൻ ബോഴ്സ് ധാരണാപത്രം ഒപ്പുവെച്ചു. സ്വകാര്യ വിപണികളിൽ തന്ത്രപരമായ സഹകരണത്തിനുള്ള ചട്ടക്കൂട് രൂപീകരിക്കുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.
സ്വകാര്യ വിപണികളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കാൻ ഇരുകക്ഷികളും ധാരണയിലെത്തി. സ്വകാര്യ കമ്പനികൾക്ക് മൂലധനം സമാഹരിക്കാനുള്ള സ്രോതസ്സുകൾ വിപുലീകരിക്കുകയും നിക്ഷേപകർക്കും ഓഹരിയുടമകൾക്കും കൂടുതൽ ലിക്വിഡിറ്റി ഉറപ്പാക്കുകയും ചെയ്യുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം.
മൂലധന സമാഹരണം, സെക്കൻഡറി ലിക്വിഡിറ്റി, ഫണ്ട് വിതരണം, ഡിജിറ്റൽ രജിസ്ട്രി സേവനങ്ങൾ എന്നിവയ്ക്കൊപ്പം കൊമേഴ്സ്യൽ പേപ്പറുകൾ, ടോക്കണൈസ്ഡ് സെക്യൂരിറ്റികൾ തുടങ്ങിയ പുതിയ ധനകാര്യ-നിക്ഷേപ ഉപകരണങ്ങളും സഹകരണത്തിന്റെ പരിധിയിൽ വരും.
ഇഷ്യൂവർമാർ, അസറ്റ് മാനേജർമാർ, ബാങ്കുകൾ, ബ്രോക്കർമാർ, നിക്ഷേപകർ എന്നിവരെ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാൻ ഇരുകക്ഷികളും ചേർന്ന് പ്രവർത്തിക്കും. ബഹ്റൈനിലെ സ്വകാര്യ വിപണികളിൽ സജീവമായ പ്രവർത്തനങ്ങളും വിപണി ആഴവും വളർത്താൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ മൂലധന വിപണി തുടർച്ചയായി വികസിപ്പിക്കുന്നതിനും സ്വകാര്യ വിപണികളിൽ കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കുന്നതിനുമുള്ള ബഹ്റൈൻ ബോഴ്സിന്റെ പ്രതിബദ്ധതയാണ് ധാരണാപത്രം വ്യക്തമാക്കുന്നതെന്ന് ബഹ്റൈൻ ബോഴ്സ് സി.ഇ.ഒ. ഷെയ്ഖ് ഖലീഫ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു.
തനാമിയുമായുള്ള പങ്കാളിത്തത്തിലൂടെ ഇഷ്യൂവർമാർക്കും നിക്ഷേപകർക്കും അധിക മൂല്യം നൽകുന്ന പ്ലാറ്റ്ഫോം വികസിപ്പിക്കാനാണ് ലക്ഷ്യമെന്നും വിപണി കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന പുതിയ ധനകാര്യ ഉപകരണങ്ങൾ അവതരിപ്പിക്കുന്നതിനും ഇത് പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ വിപണികളെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തനാമി രൂപീകരിച്ചതെന്ന് തനാമി സഹസ്ഥാപകനും സി.ഇ.ഒയുമായ ഫൈസൽ അൽജലാഹ്മ പറഞ്ഞു. രാജ്യത്തെ മൂലധന വിപണിയുടെ വികസനത്തിൽ ബഹ്റൈൻ ബോഴ്സ് നിർണായക പങ്ക് വഹിക്കുന്നുണ്ട്. തനാമിയുടെ സാങ്കേതികവിദ്യയും സ്വകാര്യ വിപണികളിലെ അനുഭവസമ്പത്തും ഈ അടിസ്ഥാനസൗകര്യത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ബഹ്റൈനിലെ സ്വകാര്യ കമ്പനികളെ വിശാലമായ നിക്ഷേപക സമൂഹവുമായി ബന്ധിപ്പിക്കാൻ ധാരണാപത്രം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Bahrain Bourse signed an MoU with private markets platform Tanami during Gateway Gulf 2026.