എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധി: കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രവാസി വെൽഫെയർ

മനാമ: ബഹ്‌റൈൻ-ഇന്ത്യ സെക്ടറിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ ആവർത്തിച്ച് റദ്ദാക്കുന്നതിനെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിന് കത്തയച്ച് പ്രവാസി വെൽഫെയർ. ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് മജീദ് തണൽ കത്തയച്ചത്.
അവധിക്കാലങ്ങളിലും പീക്ക് സീസണുകളിലും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ യാത്ര പുറപ്പെടുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സർവീസ് റദ്ദാക്കുന്നത് ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് വലിയ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദ്ദവും ഉണ്ടാക്കുന്നുണ്ട്. പകരം ടിക്കറ്റുകൾ എടുക്കാൻ ശ്രമിക്കുമ്പോൾ ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. രണ്ടോ മുന്നോ വർഷത്തിലൊരിക്കൽ മാത്രം നാട്ടിൽ പോകാൻ അവസരം കിട്ടുന്ന പ്രവാസികളുടെ കാത്തിരിപ്പിന് ഇത് വലിയ തിരിച്ചടിയാണ്.
മേഖലയിലെ സാഹചര്യം കാരണം ചില ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും മറ്റ് എയർലൈനുകൾ സർവീസ് തുടരുമ്പോൾ എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രം സർവീസുകൾ ആവർത്തിച്ചു റദ്ദാക്കുന്നത് ദുരൂഹമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ബഹ്‌റൈൻ-ഇന്ത്യ സെക്ടറിലെ ആവർത്തിച്ചുള്ള റദ്ദാക്കലുകളുടെ കാരണങ്ങൾ അന്വേഷിക്കണമെന്നും യാത്രക്കാർക്ക് സമയബന്ധിതമായ അറിയിപ്പ് നൽകാൻ നിർദ്ദേശം നൽകണമെന്നും വിമാനം റദ്ദായാൽ ബദൽ ക്രമീകരണം ഉറപ്പാക്കണമെന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഗൾഫിലെ അവധിക്കാലങ്ങളിൽ പ്രവാസികളുടെ താൽപര്യം സംരക്ഷിക്കാൻ ആവശ്യമായ വിമാന സർവീസുകൾ വർദ്ധിപ്പിക്കണം. ഇത് ഒരു എയർലൈനെതിരായ പരാതിയല്ലെന്നും വിദേശത്തുള്ള സാധാരണ ഇന്ത്യൻ പൗരന്മാരുടെ താൽപര്യം സംരക്ഷിക്കാനുള്ള വിനീതമായ അഭ്യർത്ഥനയാണെന്നും പ്രവാസി വെൽഫെയർ അയച്ച നിവേദനത്തിൽ പറയുന്നു.
Content Highlights: Pravasi Welfare wrote to Civil Aviation Minister Ram Mohan Naidu regarding frequent Air India Express flight cancellations. Cancellations during peak seasons cause severe financial burden and mental stress for Bahrain expats. Passengers are forced to pay double for alternative tickets, ruining rare vacation plans. The union demanded an inquiry into the cancellations and reliable alternative travel arrangements.