വെറുമൊരു ഹമ്മിങ്ങിൽ ജോൺസൺ മാസ്റ്റർ ഒളിച്ചു വച്ച മാജിക് | കാതോരം | Podcast
ഒരു ഷൂട്ടിങ് ലൊക്കേഷനിലെ ഏകാന്തമായൊരു കോണിൽ പുസ്തകത്തിൽ മുഴുകിയിരുന്ന സറീന വഹാബിനെ ഒരിക്കൽ കണ്ട ഓർമയിൽ നിന്നാണ് ആ സംഗീതയാത്ര തുടങ്ങുന്നത്. ഒപ്പം, പതിറ്റാണ്ടുകൾക്കിപ്പുറവും മനസ്സിൽ നിന്ന് മായാത്ത ഒരു ഈണം. ‘പാളങ്ങളിൽ’ എന്ന ചിത്രത്തിലെ ‘ഏതോ ജന്മ കൽപ്പനയിൽ’ എന്ന ഗാനത്തിന്റെ ഹമ്മിങ്.
വെറുമൊരു ഹമ്മിങ്ങിന് ഇത്രയേറെ കാലം പിന്നിലേക്ക് ഒരാളെ കൂട്ടിക്കൊണ്ടുപോകാൻ കഴിയുമോ? കൗമാരക്കാലത്തെ കാഴ്ചകളിലേക്കും സ്വപ്നങ്ങളിലേക്കും പ്രണയസങ്കൽപ്പങ്ങളിലേക്കും മനസ്സിനെ തിരിച്ചുനടത്തുന്ന ആ ഈണത്തിന് പിന്നിലെ മാജിക് എന്താണ്?
വാണി ജയറാമിന്റെ ഭാവാർദ്രമായ ആലാപനത്തോടൊപ്പം ലയിച്ചുചേരുന്ന ഉണ്ണി മേനോന്റെ ഹമ്മിങ് ഇന്നും ആ ഗാനത്തിന്റെ അവിഭാജ്യമായൊരു ഭാഗമാണ്. ആ പാട്ടിന്റെ ഓർമയ്ക്കൊപ്പം ജോൺസൺ മാസ്റ്ററുടെ സംഗീതവും ഭരതന്റെ സംവിധാനവും രാമചന്ദ്രബാബുവിന്റെ ക്യാമറയും പൂവച്ചൽ ഖാദറിന്റെ വരികളും വീണ്ടും മനസ്സിലേക്ക് എത്തുന്നു.
അക്കാലത്ത് പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായി വരികയായിരുന്ന ഉണ്ണി മേനോനെ ജോൺസൺ മാഷ് വിളിച്ചത് ഹമ്മിങ്ങിനായി മാത്രമായിരുന്നു. അതിനെക്കുറിച്ച് വലിയ ആലോചനകളൊന്നുമില്ലാതെ അദ്ദേഹം പാടാൻ തയ്യാറായി. എന്നാൽ സ്റ്റുഡിയോയിൽ ആ ഭാഗം കേട്ടപ്പോൾ അതിനുള്ളിലെ ഫീൽ അദ്ദേഹത്തെയും സ്പർശിച്ചു.
വർഷങ്ങൾക്കിപ്പുറം ആ ഹമ്മിങ്ങിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഉണ്ണി മേനോന് ചെറിയൊരു ആത്മവിമർശനവുമുണ്ട്. “ടൈമിങ്ങിൽ എന്തോ ഒരു പ്രശ്നം ഉണ്ടായിരുന്നോ എന്ന് തോന്നിയിട്ടുണ്ട്; കുറച്ചുകൂടി നന്നാക്കാമായിരുന്നു” എന്ന ഓർമ. പക്ഷേ, കാലം അതൊന്നും ശ്രദ്ധിച്ചില്ല. പാട്ടിന്റെ ഭംഗിയിൽ ആ ഹമ്മിങ് അലിഞ്ഞുചേർന്നു.കേൾക്കാം കാതോരം രവിമേനോൻ , നിർമ്മാണം ആർ ജെ അച്ചൂ.
Content Highlights: Explores the emotional impact of humnings in classic Malayalam film songs., Highlights memories associated with actress Zarina Wahab and iconic movie characters., Features insights from singer Unni Menon on recording humnings for Johnson Master., Discusses the artistic significance of humnings by legendary music directors like Johnson, Devarajan, and Arjunan.